ഹൈദരാബാദ് : രാജ്യത്ത് കോവിഡിന്റെ രണ്ടാംതരംഗം രൂക്ഷമായി തുടരുകയാണ്. പല തരത്തിലുള്ള വേദനിപ്പിക്കുന്ന ദൃശ്യങ്ങളാണ് പലയിടങ്ങളിൽനിന്നും കാണാൻ കഴിയുന്നത്. അത്തരത്തിലൊരു ചിത്രമാണ് ആന്ധ്രാപ്രദേശിൽനിന്ന് ഇപ്പോൾ വരുന്നത്. കോവിഡ് ബാധിതനായി വീടിനു സമീപം തളർന്നു കിടക്കുന്ന അച്ഛന് വെള്ളം നൽകാൻ ശ്രമിക്കുന്ന മകളെ തടയുന്ന അമ്മയുടെ ചിത്രമാണിത്.
വിജയവാഡയിൽ ജോലി നോക്കുന്ന അച്ഛൻ കോവിഡ് ബാധിച്ച ശേഷമാണ് സ്വന്തം നാടായ ശ്രീകാകുളത്ത് എത്തിയത്. എന്നാൽ ഗ്രാമത്തിലുള്ളവർ ഇയാളെ അകത്തേക്ക് കടക്കാൻ സമ്മതിച്ചില്ല. വീട്ടിലേക്കും കയറാൻ അനുവദിച്ചില്ല. 50–കാരനായ ഇയാൾ പുറത്തുള്ള പാടത്താണ് കിടന്നത്.
നില വളരെയധികം വഷളായ അച്ഛന് വെള്ളം കൊടുക്കാൻ ശ്രമിക്കുകയാണ് 17–കാരിയായ മകൾ. എന്നാൽ മകൾക്ക് രോഗം പകരുമെന്ന് ഭയപ്പെട്ട് മകളെ തടയുകയാണ് അമ്മ. ഇതിന്റെ വിഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്. എന്നാൽ അമ്മയുടെ എതിർപ്പ് അവഗണിച്ച് മകൾ കുപ്പിയിൽ അച്ഛന് വെള്ളം കൊടുക്കുന്നു. സങ്കടം സഹിക്കാൻ വയ്യാതെ അലറിക്കരയുന്നുമുണ്ട് മകൾ. അൽപ്പസമയത്തിനുള്ളില്‍ അച്ഛൻ മരണത്തിന് കീഴടങ്ങുകയും ചെയ്തു.