കൊടുങ്ങല്ലൂര്‍ : മതിലകത്ത് ദുരിതാശ്വാസ ക്യാമ്പില്‍ ഇടതുമുന്നണി പ്രവര്‍ത്തകര്‍ തമ്മില്‍ നടന്ന സംഘട്ടനവുമായി ബന്ധപ്പെട്ട് ഇരുവിഭാഗത്തില്‍പെട്ട 17 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. എ.ഐ.വൈ.എഫ് പ്രവര്‍ത്തകരെ മര്‍ദിച്ച പരാതിയില്‍ സി.പി.എം മതിലകം ലോക്കല്‍ സെക്രട്ടറി പി.എച്ച്. അമീര്‍, ഡി.വൈ.എഫ്.ഐ മതിലകം മേഖല പ്രസിഡന്‍റ് ശ്യാം, പുരോഗമന കലാസാഹിത്യ സംഘം മതിലകം യൂനിറ്റ് സെക്രട്ടറി ഷോളി പി. ജോസഫ്, ഷുക്കൂര്‍ വലിയകത്ത് എന്നിവരും കണ്ടാലറിയാവുന്ന അഞ്ചുപേരും ഉള്‍പ്പെടെ ഒമ്പതുപേരാണ് പ്രതികള്‍.
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന പരാതിയില്‍ എ.ഐ.വൈ.എഫ് മതിലകം മേഖല സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ പി.എം. അരുണ്‍ലാല്‍, പ്രവര്‍ത്തകന്‍ കെ.വി. വിബീഷ് എന്നിവരും ഉള്‍പ്പെടെ എട്ടുപേരുമാണ് പ്രതികള്‍. വെള്ളിയാഴ്ച രാത്രി 9.30നാണ് ഒരേ മുന്നണിയില്‍പെട്ടവര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഒരുമണിക്കൂര്‍ നീണ്ട സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.