പൊന്നാനി: ഇടതുമുന്നണി ധാരണ പാലിച്ചില്ലെന്നാരോപിച്ച് പൊന്നാനി നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ സി.പി.എം – സി.പി.ഐ നേര്‍ക്കുനേര്‍ പോരാട്ടം.
ബുധനാഴ്ച നടന്ന എല്‍.ഡി.എഫ് യോഗത്തില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി സി.പി.ഐക്ക് നല്‍കാമെന്നായിരുന്നു ധാരണയെന്ന് സി.പി.ഐ കൗണ്‍സിലര്‍മാര്‍ പറയുന്നു. എന്നാല്‍ വൈകിട്ട് നടന്ന എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരുടെ യോഗത്തില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് പകരം വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി നല്‍കാമെന്ന് അറിയിച്ചതോടെ സി.പി.ഐ ഇതിന് വഴങ്ങിയില്ല. ഇതോടെ മത്സരിക്കുകയായിരുന്നു. ആരോഗ്യകാര്യ സ്ഥിരം സമിതിയിലേക്ക് സി.പി.എം സ്ഥാനാര്‍ഥിയായ ഷീന സുദേശനെതിരെ സി.പി.ഐ സ്ഥാനാര്‍ഥിയായി അജീന ജബ്ബാറും വിദ്യാഭ്യാസ സ്ഥിരം സമിതിയിലേക്ക് സി.പി.എം സ്ഥാനാര്‍ഥിയായ ബിന്‍സി ഭാസ്കറിനെതിരെ സി.പി.ഐ സ്ഥാനാര്‍ഥിയായി സഹീല നിസാറും മത്സരിച്ചു.
ആരോഗ്യകാര്യ സ്ഥിരം സമിതി തെരഞ്ഞെടുപ്പില്‍ രണ്ടിനെതിരെ 36 വോട്ട് നേടി ഷീന സുദേശനും വിദ്യാഭ്യാസ സ്ഥിരംസമിതി തെരഞ്ഞെടുപ്പില്‍ രണ്ടിനെതിരെ 35 വോട്ട് നേടി ബിന്‍സി ഭാസ്കറും തെരഞ്ഞെടുക്കപ്പെട്ടു. ഒരു വോട്ട് അസാധുവായി. യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനിന്നു.