കോന്നി : സി.പി.എം നേതൃത്വത്തിന്റെ മാനസിക പീഡനത്തെ തുടർന്ന് മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആത്മഹത്യ ചെയ്തു. കോന്നി വട്ടക്കാവുങ്കൽ ഓമനക്കുട്ടനാണ് ആത്മഹത്യ ചെയ്തത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ സി പി ഐ എമ്മിന് കോന്നിയിലുണ്ടായ തോൽവിക്ക് കാരണം ഓമനക്കുട്ടനാണെന്നാരോപിച്ച് ഭീഷണിയുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ഇതിനെ തുടര്‍ന്ന് ഓമനക്കുട്ടൻ വലിയ മാനസിക വിഷമത്തിലായിരുന്നു. ഇന്ന് രാവിലെ ഭാര്യ വീട്ടിലില്ലാത്ത സമയത്ത് വീടിന്റെ ചായ്പ്പിൽ തൂങ്ങി മരിക്കുകയായിരുന്നു.
നിർദ്ധന കുടുംബത്തിന്റെ നാഥനായിരുന്നു ഓമനക്കുട്ടൻ. സുഖമില്ലാത്ത ഒരു കുട്ടിയുൾപ്പെടെ 6 അംഗ കുടുംബം ഓമനക്കുട്ടനെ ആയിച്ചാണ് കഴിഞ്ഞിരുന്നത്. ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്ന നിലയിൽ ജനകീയനായിരുന്ന ഇദ്ദേഹത്തെ പാർട്ടിയിലെ ഗ്രൂപ്പിസത്തിന്റെ ഭാഗമായാണ് സ്ഥാനത്ത് നിന്ന് നീക്കിയത്.
സഹകരണ ബാങ്കിൽ കളക്ഷൻ ഏജൻ്റായി ഓമനക്കുട്ടൻ ജോലി ചെയ്തിരുന്നു. ഈ ജോലിയിൽ നിന്ന് നീക്കം ചെയ്യുവാൻ പാർട്ടി തീരുമാനം എടുത്തിരുന്നു . ജീവിതകാലം മുഴുവൻ പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുകയും ഒടുവിൽ പാർട്ടി തന്നെ പീഡിപ്പിക്കുകയും ചെയ്തു. കൂടാതെ ഏക ജീവിധോപാധി ഇല്ലാതാക്കുവാനും പാർട്ടി നേതാക്കള്‍ നീങ്ങി. ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് ഓമനക്കുട്ടൻ ആത്മഹത്യ ചെയ്തത്. ഓമനക്കുട്ടന്റെ മരണത്തോടെ കോന്നിയിൽ സി പി എമ്മിലെ ഗ്രൂപ്പിസവും പാർട്ടിയിലെ പീഡനവും അസഹിഷ്ണുതയും മറ നീക്കി പുറത്തു വന്നിരിക്കുകയാണ്.