30.9 C
Pathanāmthitta
Sunday, May 1, 2022 12:52 pm

മൂന്നരപതിറ്റാണ്ടിന് ശേഷം അറബിക്കടലിന്റെ റാണിയെ ചുവപ്പിച്ച് സിപിഐ എം സംസ്ഥാനസമ്മേളനം

കൊച്ചി : മൂന്നരപതിറ്റാണ്ടിന് ശേഷം അറബിക്കടലിന്റെ റാണിയെ ചുവപ്പിച്ച് സിപിഐ എം സംസ്ഥാനസമ്മേളനം. മുപ്പത്തിയേഴ് വര്‍ഷത്തിനുശേഷം കൊച്ചിയിലേക്ക് എത്തുന്ന സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ആവേശക്കൊടിയേറ്റമാണ് ജില്ലയാകെ. 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനത്തിന് കൊച്ചി ആഥിത്യമരുളുന്ന ചരിത്ര മുഹൂര്‍ത്തത്തിലേക്ക് കണ്ണും കാതും കൂര്‍പ്പിച്ചുകഴിഞ്ഞു നാടും നഗരവും. മാര്‍ച്ച്‌ ഒന്നുമുതല്‍ നാലുവരെ ബോള്‍ഗാട്ടി കണ്‍വന്‍ഷന്‍ സെന്ററിലാണ് സമ്മേളനം.

ബ്രാഞ്ചുതലംവരെ സംഘാടക സമിതികള്‍ രൂപീകരിച്ച്‌ പുതുമയാര്‍ന്ന പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്ന തിരക്കിലാണ് പ്രവര്‍ത്തകര്‍. രക്തസാക്ഷികളെയും ആദ്യകാല നേതാക്കളെയും സമര സഖാക്കളെയും അനുസ്മരിച്ച്‌ സ്മൃതി കുടീരങ്ങളും കമാനങ്ങളും നാടാകെ ഉയര്‍ന്നുകഴിഞ്ഞു. എവിടെയും കൊടി തോരണങ്ങളുടെ ചുവപ്പ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന ചെറുതും വലുതുമായ എണ്ണമറ്റ പോരാട്ടങ്ങളുടെ ചരിത്രം നിറച്ച്‌ ചുവരെഴുത്തുകള്‍. നാടിന്റെ രാഷ്ട്രീയ, സാംസ്കാരിക ചരിത്രത്തിന്റെ നാള്‍വഴികളെ ഓര്‍മപ്പെടുത്തി പാതയോരങ്ങള്‍ നീളെ കലോപഹാരങ്ങളുടെ കാഴ്ചവിരുന്ന്. ചോപ്പുചന്തം പേറി നാട്ടുകവലകള്‍. പ്രചാരണ സാമഗ്രികളില്‍ പ്ലാസ്റ്റിക്കും ഫ്ലക്സും തീരെയില്ല. പ്രാദേശിക കലാകാരന്മാരും ബഹുജനങ്ങളുമാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്നത്.

സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി.രാജീവ് ചെയര്‍മാനും ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍ ജനറല്‍ സെക്രട്ടറിയുമായ സ്വാഗതസംഘത്തിന്റെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് പൂര്‍ത്തിയാകുന്നത്. വിവിധ സബ്കമ്മിറ്റികള്‍ രൂപീകരിച്ചാണ് തയ്യാറെടുപ്പ്. പന്ത്രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി 1985 ലാണ് കൊച്ചി ഇതിനുമുമ്പ് സംസ്ഥാന സമ്മേളനത്തിന് വേദിയായിട്ടുള്ളത്. നവംബര്‍ 20 മുതല്‍ 24 വരെ നടന്ന സമ്മേളനത്തിന്റെ സ്വാഗതസംഘം ചെയര്‍മാനായിരുന്നത് എം.എം ലോറന്‍സ്. എറണാകുളം ടൗണ്‍ഹാളിലെ എന്‍.ശ്രീധരന്‍ നഗറില്‍ ജനറല്‍ സെക്രട്ടറി ഇ.എം.എസ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.

പൊതുസമ്മേളനം ചേര്‍ന്ന മണപ്പാട്ടിപ്പറമ്പിലെ പി.സുന്ദരയ്യ നഗറില്‍ സമ്മേളന പതാക ഉയര്‍ത്തിയത് മുതിര്‍ന്ന അംഗം കേളു ഏട്ടന്‍. കഥകളി ഉള്‍പ്പെടെ കലാപരിപാടികള്‍ക്ക് വേദിയായത് ഫൈനാര്‍ട്സ് ഹാള്‍. നഗരത്തിലെ ഏഴു കേന്ദ്രങ്ങളില്‍ നിന്നായിരുന്നു വനിതാ വളന്റിയര്‍ മാര്‍ച്ച്‌ ഉള്‍പ്പെടെ പതിനായിരങ്ങള്‍ പങ്കെടുത്ത സമാപനറാലി. വി.എസ് അച്യുതാന്ദനെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്ത സമ്മേളനത്തില്‍ പൊളിറ്റ്ബ്യൂറോ അംഗങ്ങളായ ബസവപുന്നയ്യ, ഇ.ബാലാനന്ദന്‍, ബി.ടി രണദിവെ തുടങ്ങിയ നേതാക്കളും പങ്കെടുത്തു.

- Advertisment -
- Advertisment -
Advertisment
- Advertisment -

Most Popular