തിരുവനന്തപുരം : മോദിക്കെതിരെ ആരുമായും യോജിച്ച് പോരാടാൻ തയ്യാറാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഭരണഘടനാ സംരക്ഷണത്തിനുള്ള പോരാട്ടത്തിൽ രാജ്യത്തെ മുഴുവൻ ജനാധിപത്യ–മതനിരപേക്ഷ കക്ഷികളുമായി അണിചേർന്നു നീങ്ങാൻ സിപിഎം ഒരുക്കമാണ്. എന്നാൽ തെരഞ്ഞെടുപ്പ് സഖ്യമില്ലെന്നും അദേഹം വ്യക്തമാക്കി.
പൗരത്വനിയമത്തിലൂടെ മോദി സർക്കാർ ലക്ഷ്യമിട്ടതു ഹിന്ദു ധ്രുവീകരണമാണെന്നും എന്നാൽ അപ്രതീക്ഷിത പ്രതിഷേധമാണ് അവർ നേരിടുന്നതെന്നും മൂന്നു ദിവസത്തെ സിപിഎം കേന്ദ്ര കമ്മിറ്റിയുടെ ആദ്യദിനം യച്ചൂരി അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോർട്ടിൽ പറയുന്നു. ഭരണഘടനയെയും രാജ്യത്തെയും സംരക്ഷിക്കാൻ യുവത്വം സമര രംഗത്താണ്. ഇതു ചരിത്ര മുഹൂർത്തമാണ്. യുവാക്കളുടെ പോരാട്ടവീര്യത്തെ മോദി സർക്കാരിനെ ഒറ്റപ്പെടുത്താനുള്ള സമരമായി മാറ്റാൻ രാഷ്ട്രീയകക്ഷികൾ സഹായിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. ജനുവരി 13 ന് ചേർന്ന പ്രതിപക്ഷ കക്ഷികളുടെ സംയുക്ത യോഗം പ്രതീക്ഷ പകരുന്ന തുടക്കമായി സിസി വിലയിരുത്തി. അതിൽ നിന്നു വിട്ടുനിന്നവരും സംസ്ഥാനങ്ങളിൽ സമരത്തിലാണ് എന്നതിനാൽ ഭാവിയിൽ അവരും ഒരുമിച്ചു വരാനുള്ള സാധ്യതയാണു സിപിഎം കാണുന്നതെന്നും യച്ചൂരി വ്യക്തമാക്കി.