കൊച്ചി : നിയമസഭ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് കടുത്ത തിരിച്ചടിയേറ്റ എറണാകുളം ജില്ലയില്‍ നടപടി കടുപ്പിച്ച് പാര്‍ട്ടി. പെരുമ്പാവൂര്‍, പിറവം, തൃക്കാക്കര, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ തോല്‍വിയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ജില്ലയിലെ ഉന്നത നേതാക്കള്‍ക്ക് സസ്പെന്‍ഷനും പുറത്താക്കലും സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കലും ഉള്‍പ്പെടെയാണ് നടപടി വന്നത്. ഗുരുതരമായ സംഘടന വിരുദ്ധ പ്രവര്‍ത്തനം നടത്തിയ ജില്ല കമ്മിറ്റി അംഗവും കൂത്താട്ടുകുളം ഏരിയ കമ്മിറ്റി സെക്രട്ടറിയുമായ ഷാജു ജേക്കബിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.
പെരുമ്പാവൂരില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം സ്ഥാനാര്‍ഥി ബാബു ജോസഫിന്റെ തോല്‍വിയ്ക്ക് കാരണക്കാരായ നേതാക്കള്‍ക്ക് പാര്‍ട്ടിയില്‍നിന്ന് ഒരു വര്‍ഷത്തേക്ക് കൂട്ട സസ്പെന്ഷന് നല്‍കി. ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ എന്‍.സി. മോഹനന്‍, ജില്ല കമ്മിറ്റി അംഗങ്ങളായ പി.കെ. സോമന്‍, പെരുമ്പാവൂര്‍ ഏരിയ സെക്രട്ടറി പി.എം. സലീം, ഏരിയ കമ്മിറ്റി അംഗങ്ങളായ എം.ഐ. ബീരാസ്, മുന്‍ എം.എല്‍.എ സാജു പോള്‍, ആര്‍.എം. രാമചന്ദ്രന്‍ എന്നിവര്‍ക്കാണ് സസ്പെന്ഷന്. ഇവരില്‍ പലര്‍ക്കും എതിരെ നടപടി ശാസനയില്‍ ഒതുക്കാന്‍ ജില്ല കമ്മിറ്റി ശിപാര്‍ശ ചെയ്തെങ്കിലും സംസ്ഥാന കമ്മിറ്റി ഇടപെട്ട് കടുത്ത നടപടി ആവശ്യപ്പെടുകയായിരുന്നു. പെരുമ്പാവൂര്‍ ഏരിയ കമ്മിറ്റി അംഗമായ സി.ബി.എ. ജബ്ബാറിനെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍നിന്ന് ഒഴിവാക്കി.
കൂത്താട്ടുകുളം ഏരിയ കമ്മിറ്റിയിലെ പാര്‍ട്ടി അംഗങ്ങളായ അരുണ്‍ സത്യന്‍, അരുണ്‍ വി. മോഹന്‍ എന്നിവരെയും സസ്പെന്‍ഡ് ചെയ്തതായി ജില്ല സെക്രട്ടറി എന്‍.സി. മോഹനന്‍ വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കി. ജില്ല സെക്രേട്ടറിയറ്റ് അംഗവും സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡന്‍റുമായ സി.കെ. മണിശങ്കര്‍, പാര്‍ട്ടി ജില്ല കമ്മിറ്റി അംഗങ്ങളായ സി.എന്‍. സുന്ദരന്‍, വി.പി. ശശീന്ദ്രന്‍, വൈറ്റില ഏരിയ കമ്മിറ്റി സെക്രട്ടറി കെ.ഡി. വിന്‍സെന്‍റ് എന്നിവരും സസ്പെന്ഷന് നേരിട്ടു.
എറണാകുളം ജില്ലയിലെ നാല് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് തോല്‍വി അന്വേഷിക്കുന്നതിന് ജില്ല കമ്മിറ്റി രണ്ട് കമീഷനുകളെയാണ് നിയോഗിച്ചത്. സി.എം. ദിനേശ് മണി, പി.എം. ഇസ്മയില്‍ എന്നിവര്‍ പെരുമ്പാവൂര്‍, പിറവം മണ്ഡലങ്ങളെക്കുറിച്ചും ഗോപി കോട്ടമുറിക്കല്‍, കെ.ജെ. തോമസ് എന്നിവര്‍ തൃക്കാക്കര, തൃപ്പൂണിത്തുറ മണ്ഡലങ്ങളെക്കുറിച്ചുമാണ് അന്വേഷിച്ചത്. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ ചര്‍ച്ച ചെയ്ത് പാര്‍ട്ടി ജില്ല കമ്മിറ്റി ഏകകണ്ഠമായി അംഗീകരിച്ചുവെന്ന് ജില്ല സെക്രട്ടറി അറിയിച്ചു.