കോഴിക്കോട്: ഇടുക്കി, കോഴിക്കോട്, പത്തനംതിട്ട എന്നീ ജില്ലകളിലെ സിപിഎം വിപുലീകൃത ജില്ലാ കമ്മറ്റി യോഗത്തിന് ഇന്ന് തുടക്കമാകും. സിപിഎം ഇടുക്കി വിശാല ജില്ലാ കമ്മിറ്റി യോഗം ഇന്നും നാളെയുമായാണ് നടക്കുന്നത്. രാവിലെ പത്തിന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ യോഗം ഉദ്‌ഘാടനം ചെയ്യും.ജില്ലയിലെ സമ്പൂർണ്ണ പരാജയം പ്രധാന ചർച്ചയാകും. ഉടുമ്പൻചോലയിൽ എം. മണിയെ മാറ്റിനിർത്തി ജില്ലാ നേതൃത്വത്തിന്‍റെ താല്പര്യം മറികടന്ന് കെ കെ ജയചന്ദ്രൻ മത്സരിച്ചത് പാർട്ടിക്ക് വലിയ തിരിച്ചടിയായെന്ന വിമർശനമുയർന്നിരുന്നു. ദേവികുളത്ത് ഉൾപ്പെടെ സിപിഐയുമായി ഉണ്ടായ തർക്കവും ചർച്ചയാകും. കോഴിക്കോട് വിപുലീകൃത ജില്ലാ കമ്മറ്റിയോഗം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.125 പേരാണ് പ്രതിനിധികൾ. വിപുലികൃത സംസ്ഥാന കമ്മറ്റിക്ക് കേഴിക്കോട് വേദിയായതിനാൽ റാലിയും പൊതുസമ്മേളനവും ഒഴിവാക്കിയിട്ടുണ്ട്. യോഗം മറ്റന്നാൾ വൈകീട്ട് സമാപിക്കും.
പത്തനംതിട്ട ജില്ലാകമ്മിറ്റി യോഗം ഇന്നും നാളെയുമായി ചേരും. മുൻമന്ത്രി വീണ ജോർജിന്‍റെ തോൽവി, സ്വർണ കൊള്ളകേസും എ പദ്മകുമാറിനെതിരെ പാർട്ടി എടുത്ത നടപടികൾ ഉൾപ്പെടെ ചർച്ചയാകും. നേതാക്കളിൽ ചിലരുടെ മാഫിയ ബന്ധങ്ങൾ തുറന്നുകാട്ടാനാണ് ഒരു വിഭാഗം പ്രതിനിധികളുടെ നീക്കം. വിഭാഗീയത ഒഴിവാക്കാനുള്ള കടുത്ത നടപടികൾ സംസ്ഥാന നേതൃത്വവും കൈകൊള്ളും.



























