പത്തനംതിട്ട: പത്തനംതിട്ടയില്‍ സി.പി.എമ്മിനുള്ളില്‍ ചേരിപ്പോര് ശക്തമാകുന്നു. ഇപ്പോള്‍ ടൗണ്‍ ലോക്കല്‍ കമ്മിറ്റി വിഭജനവുമായി ബന്ധപ്പെട്ടാണ് പോര് രൂക്ഷമായത്. പത്തനംതിട്ട നോര്‍ത്ത്, സൗത്ത് എന്നിങ്ങനെ ലോക്കല്‍ കമ്മിറ്റി വിഭജിക്കാനാണ് തീരുമാനമെടുത്തിട്ടുള്ളത്.
ചില നേതാക്കളുടെ ഇഷ്ടക്കാരെ മാത്രം ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. ഇതാണ് ഒരുവിഭാഗത്തിന്റെ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുള്ളത്. അര്‍ഹരായ പലരെയും കമ്മിറ്റിയില്‍ നിന്നും തഴഞ്ഞതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇതിനെതിരെ ഒരുവിഭാഗം സംസ്ഥാന കമ്മിറ്റിക്കും പരാതി നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയെ വര്‍ഗീയ ചേരിയില്‍ തളക്കാന്‍ വേണ്ടിയാണ് ലോക്കല്‍ കമ്മിറ്റി വിഭജിക്കുന്നതെന്നാണ് ആരോപണം. എന്നാല്‍ അംഗസംഖ്യ കൂടിയതിനെ തുടര്‍ന്നാണ് വിഭജിക്കാന്‍ തീരുമാനമെടുത്തതെന്നാണ് നേതാക്കള്‍ പറയുന്നത്.
അംഗസംഖ്യ കൂടുതലുള്ള സമീപ പഞ്ചായത്തുകളിലെ പല ലോക്കല്‍ കമ്മിറ്റികളും ഇത്തരത്തില്‍ വിഭജിച്ചതായും അവര്‍ പറയുന്നു. ടൗണ്‍ കമ്മിറ്റി വിഭജിക്കാന്‍ ജില്ല കമ്മിറ്റി ഒരുവര്‍ഷം മുമ്പ് തീരുമാനമെടുത്തതാണ്. പല കാരണങ്ങളാല്‍ അത് നീണ്ടുപോയി. മൊത്തം 19 ബ്രാഞ്ചുകളാണ് ടൗണ്‍ കമ്മിറ്റിയുടെ കീഴിലുള്ളത്. വിവിധ ബ്രാഞ്ചുകളിലായി 260ഓളം പാര്‍ട്ടി മെംബര്‍മാരുമുണ്ട്. ഇതില്‍ ഭൂരിഭാഗം അംഗങ്ങളും നിര്ജീവമാണെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. അടുത്ത പാര്‍ട്ടി സമ്മേളനങ്ങള്‍ ഉടനെ ആരംഭിക്കാനിരിക്കെയാണ് ഭിന്നത രൂക്ഷമായിട്ടുള്ളത്. തദ്ദേശ തെരഞ്ഞടുപ്പ് മുതലാണ് സി.പി.എമ്മിനുള്ളില്‍ അഭിപ്രായഭിന്നത ഉടലെടുത്തത്.
നഗരസഭ പത്താം വാര്‍ഡില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി വിജയിച്ചതോടെയാണ് ഭിന്നത രൂക്ഷമായത്. വാര്‍ഡില്‍ എല്‍.ഡി.എഫിലെ സി.പി.ഐ സ്ഥാനാര്‍ഥി മൂന്നാംസ്ഥാനത്ത് പോയത് സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനങ്ങള്‍ നടക്കുകയാണ്. മറ്റുചില വാര്‍ഡുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ ചില നേതാക്കള്‍ രഹസ്യമായി പ്രവര്‍ത്തിച്ചതായും ആരോപണങ്ങള്‍ ഉയര്‍ന്നു. നഗരസഭയില്‍ എസ്.ഡി.പി.ഐയുടെ രഹസ്യപിന്തുണയോടെ എല്‍.ഡി.എഫ് ഭരണത്തിേലറിയതും ഒരു വിഭാഗത്തിന്റെ പരസ്യവിമര്‍ശനത്തിന് ഇടയാക്കി. സി.പി.ഐയും പരസ്യമായി പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.