തിരുവനന്തപുരം : സിപിഐയേയും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തേയും പരിഹസിച്ച് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് അജയകുമാർ. ബിനോയ് വിശ്വം നാലാംകിട രാഷ്ട്രീയക്കാരനെ പോലെ പെരുമാറുന്നു. ഉത്തരം താങ്ങുന്ന പല്ലിയുടെ മാനസികാവസ്ഥയാണ് സിപിഐയ്ക്കെന്നും എസ് അജയകുമാർ കുറ്റപ്പെടുത്തി. ദീർഘകാലമായി സിപിഎം-സിപിഐ പോര് തുടരുന്ന പാലക്കാട് ഒറ്റപ്പാലത്തെ മണ്ണൂരിൽ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എസ് അജയകുമാർ.
തോറ്റാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം സിപിഐഎമ്മിനും ജയിച്ചാൽ ക്രെഡിറ്റ് മുഴുവൻ സിപിഐക്കുമാണ് എന്നാണ് സിപിഐ സമീപനം. കേവലം അഞ്ച് ശതമാനം വോട്ട് മാത്രമേ സംസ്ഥാനത്ത് സിപിഐക്കുള്ളൂ. ഒരു മണ്ഡലത്തിലും ഒറ്റയ്ക്ക് നിന്ന് സിപിഐക്ക് ജയിക്കാൻ ആവില്ല. എവിടെയെങ്കിലും നാല് സിപിഐക്കാർ ഉണ്ടെങ്കിൽ അഞ്ച് സീറ്റ് ചോദിക്കുന്ന രാഷ്ട്രീയപാർട്ടിയാണ് സിപിഐയെന്ന് എസ് അജയകുമാർ കുറ്റപ്പെടുത്തി.





























