കായംകുളം : കെഎസ്ഇബി ഓഫിസിലെത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ സിപിഎം പ്രാദേശിക നേതാവിനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു. സിപിഎം എരുവ ലോക്കല്‍ കമ്മിറ്റി അംഗം ആര്.ഹരികുമാറിനെതിരെയാണ് പാര്‍ട്ടി നടപടി. കഴിഞ്ഞ ബുധനാഴ്ച രാവിലെ കായംകുളം വെസ്റ്റ് കെഎസ്ഇബി ഓഫീസിലെത്തിയാണ് ഹരികുമാര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തിയത്.
അയല്‍വീട്ടിലെ വൈദ്യുതി കണക്ഷന് വിഛേദിച്ചതുമായി ബന്ധപ്പെട്ട കാര്യം ചോദിക്കുന്നതിന് ആദ്യം ഓഫീസിലെത്തുകയും വാക്ക് തര്‍ക്കമുണ്ടാവുകയും ചെയ്തു. അതിനുശേഷം പ്രശ്നപരിഹാരത്തിന് കെഎസ്ഇബി ഓഫീസില്‍ നിന്ന് ഹരിയെ തിരികെ വിളിച്ചു. ഇതിനിടെ ഹരിയും വൈദ്യുതി ബില്‍ കുടിശിക വരുത്തിയിരുന്നതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് കണക്ഷന് വിഛേദിച്ചു.
തുടര്‍ന്ന് വീണ്ടും കെഎസ്ഇബി ഓഫീസിലെത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തിയതാണ് വിവാദമായത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സിപിഎം നേതൃത്വം പ്രതിരോധത്തിലായി. ലോക്കല്‍ കമ്മിറ്റി അംഗം സിഐടിയു നേതാവിനെയാണ് ഭീഷണിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ചേര്‍ന്ന എരുവ ലോക്കല്‍ കമ്മിറ്റിയാണ് അച്ചടക്ക നടപടിയെടുത്ത് ഏരിയ നേതൃത്വത്തിന്റെ അംഗീകാരത്തിന് നല്‍കിയത്.