മൂന്നാര്‍ : സി.പി.എം.ലോക്കല്‍ സെക്രട്ടറിയെ കൊല്ലാന്‍ സി.ഐ.ടി.യു. നേതാവ് ക്വട്ടേഷന്‍ നല്‍കിയതായി വെളിപ്പെടുത്തല്‍. രാഷ്ട്രീയ സ്വാധീനം മുതലെടുത്ത് സിഐടിയു നേതാവ് നടത്തിയ തട്ടിപ്പുകള്‍ ചോദ്യം ചെയ്തതു മൂലമുണ്ടായ പക തീര്‍ക്കാന്‍ തന്നെ വകവരുത്താന്‍ ഈ നേതാവ് 5 ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കിയതായി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സംസ്ഥാന നേതൃത്വത്തിനാണ് പരാതി നല്‍കിയിരിക്കുന്നത്. സംഭവം കേട്ടു നിന്ന പ്രവര്‍ത്തകരിലൊരാള്‍ ഇതിന്റെ വീഡിയോ എടുത്ത് ബന്ധപ്പെട്ടവര്‍ക്ക് അയച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
സിപിഎം മൂന്നാര്‍ ഏരിയ കമ്മിറ്റിക്കു കീഴിലുള്ള ഒരു ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാണ് ഇതേ കമ്മിറ്റിയിലെ അംഗവും സിഐടിയു ഡ്രൈവേഴ്സ് യൂണിയന്‍ നേതാവുമായ വ്യക്തിക്കെതിരെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിക്കു പരാതി നല്‍കിയത്. രാഷ്ട്രീയ സ്വാധീനം മുതലെടുത്ത് സര്‍ക്കാര്‍ ഭൂമി കയ്യേറി മറിച്ചുവില്‍ക്കല്‍, പ്രളയകാലത്ത് മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലങ്ങളില്‍ നിന്ന് മണ്ണ് നീക്കം ചെയ്യുക വഴി സര്‍ക്കാരിന്റെയും സ്വകാര്യ വ്യക്തികളുടെയും പണം തട്ടല്‍ തുടങ്ങി ഒട്ടേറെ ആരോപണങ്ങള്‍ ഈ സിഐടിയു നേതാവിനെതിരെ ഉയര്‍ന്നിരുന്നു. ലോക്കല്‍ സെക്രട്ടറി എന്ന നിലയില്‍ പാര്‍ട്ടി കമ്മിറ്റിയില്‍ ഇക്കാര്യം ഉന്നയിക്കുകയും നടപടി ആവശ്യപ്പെടുകയും ചെയ്തതാണ് തന്നെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കാന്‍ കാരണമെന്ന് ലോക്കല്‍ സെക്രട്ടറിയുടെ പരാതിയില്‍ പറയുന്നു. തനിക്കെതിരെ അച്ചടക്ക നടപടിക്ക് സാധ്യത മുന്‍കൂട്ടി കണ്ടാണ് ലോക്കല്‍ സെക്രട്ടറിക്കെതിരെ സിഐടിയു നേതാവ് ക്വട്ടേഷന്‍ നല്‍കിയത് എന്നാണ് വിവരം.
ഒരു വര്‍ഷം മുമ്പ് ചൊക്കനാട് സ്വദേശിയായ യുവാവിനെ പഴയ മൂന്നാറില്‍നടന്ന തട്ടിപ്പു കേസില്‍ മൂന്നാര്‍ എസ്.ഐ.യുടെ നേതൃത്വത്തില്‍ പാലക്കാടു നിന്ന് അറസ്റ്റു ചെയ്തു. ഇയാളെ അറസ്റ്റ് ചെയ്യരുതെന്ന സി.ഐ.ടി.യു. നേതാവ് പറഞ്ഞത് കേള്‍ക്കാതെയാണ് പോലീസ് ഇയാളെ പിടികൂടിയത്. തന്നെ എസ്.ഐ. മര്‍ദിച്ചുവെന്നാരോപിച്ച് പ്രതി ചികിത്സ തേടി. സംഭവം വിവാദമായതിനെത്തുടര്‍ന്ന് എസ്.ഐ. അടക്കം മൂന്നുപേരെ ജില്ലാ പോലീസ് മേധാവി സസ്പെന്‍ഡ് ചെയ്തു.
പിന്നീട്, ജൂലായ് ആദ്യവാരം എസ്.ഐ. അടക്കമുള്ളവര്‍ കേസ് ഒത്തുതീര്‍പ്പാക്കി. മൂന്നുലക്ഷം രൂപ നല്‍കിയാല്‍ കേസ് പിന്‍വലിക്കാമെന്നായിരുന്നു സി.ഐ.ടി.യു. നേതാവിന്റെ മധ്യസ്ഥതയിലുണ്ടാക്കിയ ധാരണ. ആദ്യഘട്ടമായി 1.80 ലക്ഷം രൂപ നല്‍കി. ബാക്കി തുകയ്ക്കായി യുവാവ് ഓഗസ്റ്റ് മാസത്തില്‍ ഉദ്യോഗസ്ഥരെ സമീപിച്ചപ്പോഴാണ് സി.ഐ.ടി.യു. നേതാവിന്റെ വശം 1.20 ലക്ഷം നല്‍കിയതായി അറിഞ്ഞത്. ഇതേത്തുടര്‍ന്ന് ഇയാള്‍ നേതാവുമായി ബന്ധപ്പെടാന്‍ പലതവണ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെയാണ് ഏരിയാ കമ്മിറ്റി ഓഫിസിലെത്തി തന്നെ പറ്റിച്ച വിവരവും ലോക്കല്‍ സെക്രട്ടറിയെ കൊല്ലാന്‍ തനിക്ക് ക്വട്ടേഷന്‍ നല്‍കിയ വിവരവും വെളിപ്പെടുത്തിയത്. സംഭവം സംബന്ധിച്ച് ലോക്കല്‍ സെക്രട്ടറി വീഡിയോ ഉള്‍പ്പെടെ സി.പി.എം. പോളിറ്റ് ബ്യൂറോ, സംസ്ഥാന സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്‍കി.