കണ്ണൂര്‍: പൗരത്വ നിയമ ഭേദഗതിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയുന്ന ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം നിര്‍ബന്ധമായി വായിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി രാജീവ്. ഈ നിയമം ഭരണഘടനയ്ക്ക് എതിരല്ലെന്നാണ് ഗവര്‍ണര്‍ വാദിക്കുന്നത്. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയതും റിപ്പബ്ലിക്കായതും ഭരണഘടന പാസായതുമൊന്നും അറിയാത്ത രീതിയിലാണ് ഗവര്‍ണറുടെ സംസാരം.
1947നുശേഷം ഉറക്കമുണര്‍ന്നതുപോലെയാണ് ഗവര്‍ണറുടെ പെരുമാറ്റം. കോളയാട്ട് മനുഷ്യ മഹാശൃംഖലയുടെ പ്രചാരണാര്‍ഥം എല്‍ഡിഎഫ് സംഘടിപ്പിക്കുന്ന തെക്കന്‍ മേഖലാ ജാഥയും മട്ടന്നൂര്‍ നഗരസഭ മട്ടന്നൂരില്‍ നടത്തിയ ഭരണഘടനാ സംരക്ഷണ റാലിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ലിങ്ങളെ ഇന്ത്യയില്‍നിന്ന് പുറത്താക്കണമെന്ന ആര്‍എസ്‌എസ് അജന്‍ഡയാണ് നിയമത്തിന് പിന്നിലെന്നും രാജീവ് പറഞ്ഞു.
ഈ നിയമം ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൗലികാവകാശത്തിനെതിരാണ്. പാര്‍ലമെന്റില്‍ പാസാക്കിയത് നിയമമാകുമെന്ന് പറയുന്ന കേന്ദ്രമന്ത്രി വി മുരളീധരന്‍ ആര്‍ട്ടിക്കിള്‍ പതിനാല് വായിച്ച് പഠിക്കണം. ഭരണഘടനയുടെ മൗലികാവശകാശത്തിനെതിരായതിനാലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ നിയമം ഭരണ ഘടനക്കെതിരാണെന്ന് പറയാന്‍ കാരണം.
ഗാന്ധിജിയുടെ സ്വപ്നമാണ് മോഡി സാക്ഷാത്കരിക്കുന്നതെന്നാണ് ഗവര്‍ണറുടെ മറ്റൊരു വാദം. പാകിസ്ഥാനില്‍ പോയവര്‍ തിരിച്ചുവന്നാല്‍ അഭയം കൊടുക്കണമെന്ന് ഗാന്ധിജി പറഞ്ഞിരുന്നു. അത് ഹിന്ദുവെന്നോ മുസ്ലിമെന്നൊ പറഞ്ഞിരുന്നില്ല. എന്നാല്‍ മോഡിയുടെ നിയമത്തില്‍ മുസ്ലിങ്ങള്‍ക്കൊഴികെയുള്ളവര്‍ക്ക് പൗരത്വം കൊടുക്കണമെന്നാണ് പറയുന്നത്. ഇത് ഗവര്‍ണര്‍ മനസ്സിലാക്കണം.