കൊച്ചി: വിഎസ്, പിണറായി, സിഐടിയു പക്ഷങ്ങളുടെ ചേരിപ്പോര് പഴങ്കഥ. അഴിമതിയും അശ്ലീലവും ‘ലഹരി’ നിറച്ച് സിപിഎം നാണംകെട്ട് കുനിയുന്നു. അധികാരക്കൊതിയില്‍ പല ജില്ലയിലും അവിടത്തെ ചില നേതാക്കള്‍ക്കു ചുറ്റും സംഘങ്ങളുണ്ടാക്കുന്നു. ഈ ഗ്രൂപ്പുകള്‍ തമ്മിലുള്ള പോരില്‍ പുറത്തുവരുന്നത് ആശയസംഘട്ടനങ്ങളല്ല, പകരം അഴിമതികളും അശ്ലീലകഥകളും ലഹരിക്കടത്തും ലഹരി ഉപയോഗവും. തുടര്‍ഭരണത്തിന്റെ ലഹരി ബാധിച്ചു വഴിതെറ്റുന്ന പ്രവര്‍ത്തകര്‍ക്കായി തെറ്റുതിരുത്തല്‍രേഖയെന്ന അടവ് പയറ്റിയിട്ടും നേതൃത്വത്തിന് പരിഹരിക്കാന്‍ കഴിയാത്ത തരത്തിലുള്ള പ്രശ്‌നങ്ങളാണ് ഉള്ളത്. ഏതാനും ജില്ലാ ഘടകങ്ങള്‍ അതുവഴി നേതൃത്വത്തിന്റെ ‘ഹിറ്റ് ലിസ്റ്റില്‍’ കയറിപ്പറ്റിയിരിക്കുന്നു.
തിരുവനന്തപുരം ജില്ലയില്‍ നിയമന അഴിമതി, ലഹരി ഉപയോഗം, സ്ത്രീകളോടുള്ള മോശം പെരുമാറ്റം, ഇഷ്ടമില്ലാത്തവരെ വെട്ടിനിരത്താനുള്ള നീക്കങ്ങള്‍ തുടങ്ങിയവയാണു പാര്‍ട്ടിയെ അലട്ടുന്നത്. തെറ്റുതിരുത്തല്‍രേഖ സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്തതിനു പിന്നാലെ വിദ്യാര്‍ഥി, യുവജന നേതാക്കള്‍ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെട്ടു. കോര്‍പ്പറേഷനിലെ നിയമന കത്ത് വിവാദത്തില്‍നിന്നാണ് പാര്‍ട്ടിത്തണലില്‍ നടക്കുന്ന നിയമനങ്ങളും സ്ഥലംമാറ്റങ്ങളും സംബന്ധിച്ച ആരോപണങ്ങളുടെ കുത്തൊഴുക്കു തുടങ്ങിയത്. ജില്ലാ നേതാക്കളുടെ കോക്കസ് ആണ് ഇതിനു പിന്നിലെന്ന ആക്ഷേപം ശക്തമായി. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തില്‍ ഈ വഴിവിട്ട നീക്കങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. നേതാക്കളുടെ മദ്യപാനവും സ്വഭാവദൂഷ്യവുമെല്ലാം യോഗത്തില്‍ പേരെടുത്തു പറഞ്ഞ് അങ്ങോട്ടും ഇങ്ങോട്ടും ആക്രമിച്ചു.
ലഹരിക്കെതിരെ സര്‍ക്കാര്‍ വ്യാപക പ്രചാരണം തുടങ്ങിയപ്പോള്‍ത്തന്നെ പാര്‍ട്ടിയുടെ വിദ്യാര്‍ഥി, യുവജന സംഘടനാ പ്രവര്‍ത്തകര്‍ ലഹരി ഇടപാടില്‍ പിടിയിലായത് പാര്‍ട്ടിയെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കി. എസ്എഫ്‌ഐ ജില്ലാ ഭാരവാഹികള്‍ മദ്യപിച്ചു നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അവര്‍ പാര്‍ട്ടിയില്‍നിന്നും എസ്എഫ്‌ഐയില്‍നിന്നും പുറത്തായി. ഡിവൈഎഫ്‌ഐയുടെ ലഹരിവിരുദ്ധ പരിപാടി കഴിഞ്ഞ് ബീയര്‍ പാര്‍ലറിലെത്തി ബീയര്‍ കഴിച്ച് നാണക്കേടുണ്ടാക്കിയ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയംഗവും ഇപ്പോള്‍ പാര്‍ട്ടിക്കു പുറത്താണ്.
പീഢനത്തിലും പങ്ക് പറ്റി സാധാരണക്കാരന്റെ പാര്‍ട്ടിയുടെ യുവരക്തങ്ങള്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് പെട്ടതും ഇതേ നേതാവിന്റെ ഫോണില്‍ മുപ്പതിലേറെ സ്ത്രീകളുടെ അശ്ലീലചിത്രങ്ങള്‍ ഉണ്ടെന്ന വിവരവും ലഹരിയെക്കാള്‍ വലിയ അപമാനമുണ്ടാക്കി. ഒടുവില്‍ പുതിയ ജില്ലാ സെക്രട്ടറിയെ വെച്ച് ശുദ്ധികലശത്തിനുള്ള ശ്രമമാണു തലസ്ഥാനത്ത് ആരംഭിച്ചിരിക്കുന്നത്. ലഹരിയും അശ്ലീലവുമെല്ലാം ചേര്‍ന്ന മിശ്രിതമാണ് ആലപ്പുഴയിലേത്. കഴിഞ്ഞ സമ്മേളനകാലത്തു തുടങ്ങിയ പ്രശ്‌നങ്ങളുടെ വീര്‍പ്പുമുട്ടല്‍ പുറത്തുവന്നുതുടങ്ങിയത് ഏരിയ കമ്മിറ്റി അംഗത്തിനെതിരായ ലഹരിക്കടത്ത് ആരോപണത്തോടെയാണ്. അതിനു പിന്നാലെയാണ് മത്സരിച്ചെന്നപോലെ അശ്ലീല കഥകള്‍ പുറത്തുവന്നത്. ജില്ലയില്‍ പരിഹരിക്കാനാകാത്ത പ്രശ്‌നങ്ങളായി പലതും വളര്‍ന്നു.
ലഹരിക്കടത്ത് ആരോപണം നേരിട്ട ആലപ്പുഴ നോര്‍ത്ത് ഏരിയ കമ്മിറ്റി അംഗവും നഗരസഭാ സ്ഥിരസമിതി അധ്യക്ഷനുമായ എ.ഷാനവാസിനെതിരെ കടുത്ത നടപടി വേണമെന്നു വാദിച്ചത് ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയാണ്. പാര്‍ട്ടിയില്‍നിന്നു സസ്‌പെന്‍ഷനും അന്വേഷണ കമ്മിഷനെ നിയോഗിക്കലുമായിരുന്നു നടപടി. പക്ഷേ ഷാനവാസിനെതിരെ നിലപാടെടുത്തവര്‍ക്കുള്ള തിരിച്ചടിയായി സൗത്ത് ഏരിയ കമ്മിറ്റിയംഗം എ.പി.സോണയ്‌ക്കെതിരെ അശ്ലീല വിഡിയോ ആരോപണം ഉയരാന്‍ ഒട്ടും വൈകിയില്ല. സോണ പാര്‍ട്ടിയില്‍നിന്നു പുറത്തായി.
കായംകുളം മേഖലയിലെ ഒരു ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പാര്‍ട്ടിയിലെ വനിതകളെപ്പറ്റി അശ്ലീലച്ചുവയോടെ പരാമര്‍ശിക്കുന്ന ശബ്ദരേഖയുടെ ‘രണ്ടാം വരവും’ ഇപ്പോഴത്തെ വിവാദത്തിന്റെ ഭാഗമായി. ഈ വിഷയത്തില്‍ നേരത്തേ പാര്‍ട്ടി കമ്മിഷന്‍ അന്വേഷിച്ചു നല്‍കിയ റിപ്പോര്‍ട്ട് പൂഴ്ത്തിയെന്നാണ് ആരോപണം. നിശ്ചയിച്ച വിവാഹത്തില്‍നിന്നു പിന്‍മാറിയ ഹരിപ്പാട് മേഖലയിലെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പെണ്‍കുട്ടിയുടെ വീട്ടുകാരില്‍നിന്നു വാങ്ങിയ പണം തിരികെക്കൊടുത്തില്ലെന്ന പരാതി സംസ്ഥാന, ജില്ലാ നേതൃത്വങ്ങള്‍ക്കു മുന്നിലെത്തിയതും പാര്‍ട്ടിക്കു നാണക്കേടായി.
കുട്ടനാട്ടിലെ ഗൗരവമേറിയ പ്രശ്‌നം പരിഹരിക്കാന്‍ ഇന്നലെ രാത്രി വഴിതെളിഞ്ഞിട്ടുണ്ട്. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ടി.പി.രാമകൃഷ്ണന്‍ പങ്കെടുത്ത ഏരിയ കമ്മിറ്റി യോഗത്തില്‍ പരാതികള്‍ കേട്ടും താക്കീതു നല്‍കിയും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമീപനമാണ് നേതൃത്വം സ്വീകരിച്ചത്. കായംകുളത്ത് പ്രാദേശിക വിഭാഗീയത കാരണം വേറെയും പ്രശ്‌നങ്ങളുണ്ട്. രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ താലൂക്ക് ആശുപത്രിയില്‍ ഏറ്റുമുട്ടിയതും നഗരസഭയുമായി ബന്ധപ്പെട്ട അഴിമതിയാരോപണങ്ങളും മണ്ണുമാഫിയ ബന്ധവുമൊക്കെയാണ് അവ. ഇങ്ങനെയൊരു ഏരിയ കമ്മിറ്റി കേരളത്തില്‍ വേറെ കാണില്ലെന്നാണ് ഏരിയ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പറഞ്ഞത്.
സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ വിയോഗവും തുടര്‍ന്നുണ്ടായ നേതൃമാറ്റവും കണ്ണൂരിലെ നേതാക്കള്‍ക്കിടയില്‍ വലിയ വിള്ളലുണ്ടാക്കി. എം.വി.ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായി ഉയര്‍ത്തപ്പെട്ടതോടെ കേന്ദ്ര കമ്മിറ്റി അംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി.ജയരാജന്‍ പിണങ്ങി മാറിനില്‍ക്കുന്നതിന്റെ സൂചനകള്‍ കണ്ടു. ആരോഗ്യപ്രശ്‌നങ്ങള്‍ പറഞ്ഞ് അവധിയെടുത്ത ജയരാജനെ കൂടെനിര്‍ത്താനുള്ള ശ്രമം പുതിയ നേതൃത്വത്തില്‍നിന്നു തുടക്കത്തില്‍ ഉണ്ടായില്ല. ഇതു വലിയ അകല്‍ച്ചയായി മാറി. തെറ്റുതിരുത്തല്‍രേഖ സംസ്ഥാന കമ്മിറ്റി ചര്‍ച്ചയ്‌ക്കെടുത്ത ദിവസംതന്നെ ഇ.പി.ജയരാജനെതിരെ ആയുര്‍വേദ റിസോര്‍ട്ടുമായി ബന്ധപ്പെട്ട അനധികൃത സ്വത്തു സമ്പാദന പരാതി പി.ജയരാജന്‍ ഉന്നയിച്ചത് യാദൃച്ഛികമാണെന്നു കരുതുന്നവര്‍ പാര്‍ട്ടിയില്‍ കുറവാണ്. കാരണം മുന്‍പ് ജില്ലാ സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തു കഴമ്പില്ലെന്നു പറഞ്ഞു തള്ളിയ പരാതിയാണത്. സംഭവം വിവാദമായെങ്കിലും അങ്ങനെയൊരു പരാതി ഇല്ലെന്നു പി.ജയരാജന്‍ പറഞ്ഞില്ല. പാര്‍ട്ടിയിലെ ചര്‍ച്ച പുറത്തു പറയാന്‍ കഴിയില്ലെന്നു മാത്രം പറഞ്ഞു. തുടക്കത്തില്‍ ഇ.പി.ജയരാജനെ തുണയ്ക്കാന്‍ നേതൃത്വം ഇടപെട്ടതുമില്ല.
നേതാക്കളെ തിരുത്തിയിട്ടു വേണ്ടേ അണികളെ തിരുത്താന്‍ എന്നു ചോദിക്കുന്നവര്‍ പാര്‍ട്ടിയിലുണ്ട്. ഇ.പി.ജയരാജനെതിരായ ആരോപണത്തില്‍ പാര്‍ട്ടി വ്യക്തമായ നിലപാട് പുറത്തു പറയാത്തതു പ്രവര്‍ത്തകരിലും പ്രാദേശിക നേതാക്കളിലും ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെയും സംസ്ഥാന സെക്രട്ടറിയുടെയും നാടായ കണ്ണൂരില്‍നിന്നുതന്നെ ഇത്രയും വലിയ ആരോപണം ഉയര്‍ന്നതു ജില്ലയില്‍ പാര്‍ട്ടിക്കു വലിയ ക്ഷീണമുണ്ടാക്കുന്നു.
പയ്യന്നൂര്‍ ഏരിയ കമ്മിറ്റിയിലെ ഫണ്ട് വിവാദം വീണ്ടും സജീവമായതാണ് ഇപ്പോള്‍ പാര്‍ട്ടിയെ വലയ്ക്കുന്ന പ്രധാന പ്രാദേശിക വിഷയം. ആരോപണം വിഭാഗീയതയുടെ ഭാഗമാണെന്നു നേതാക്കള്‍ ചിത്രീകരിക്കുന്നുണ്ട്. അത്തരത്തിലായിരുന്നു പ്രശ്‌നപരിഹാരവും. ഒടുവില്‍ ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലുകള്‍ പാര്‍ട്ടിത്തണലില്‍ നടക്കുന്ന കുറ്റകൃത്യങ്ങളിലേക്കുവരെ വിരല്‍ചൂണ്ടുമ്പോള്‍ വെട്ടിലാകുന്നത് സംസ്ഥാന നേതൃത്വം കൂടിയാണ്. കൊല്ലം ജില്ലയില്‍ പ്രാദേശിക വിഭാഗീയതയല്ല, നേതൃത്വം ചിലര്‍ക്കു നല്‍കുന്ന സംരക്ഷണമാണ് അമര്‍ഷത്തിനു കാരണമാകുന്നത്. സംസ്ഥാന കമ്മിറ്റി അംഗവും യുവജന കമ്മിഷന്‍ അധ്യക്ഷയുമായ ചിന്ത ജെറോമിനെതിരെ ഉയര്‍ന്ന വിവാദങ്ങളില്‍ പാര്‍ട്ടി സംസ്ഥാന, ജില്ലാ നേതൃത്വങ്ങള്‍ പാലിക്കുന്ന മൗനം അണികളില്‍ അസ്വാരസ്യമുണ്ടാക്കിയിട്ടുണ്ട്. ഏരിയ കമ്മിറ്റികള്‍ ഉള്‍പ്പെടെ കീഴ്ഘടകങ്ങളില്‍ വിഷയം രൂക്ഷവിമര്‍ശനങ്ങള്‍ക്കു വഴിതുറന്നു. ഇതിന്റെ പ്രതിഫലനം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തില്‍ കണ്ടു.
ഉയര്‍ന്ന ശമ്പളം, ഗവേഷണപ്രബന്ധത്തിലെ തെറ്റുകള്‍, റിസോര്‍ട്ടിലെ താമസം തുടങ്ങിയവ യോഗത്തില്‍ വിമര്‍ശനമായി ഉയര്‍ന്നു. മറുപടി പറഞ്ഞ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ദിനേശന്‍ പുത്തലത്ത്, ശമ്പളത്തിന്റെ കാര്യത്തില്‍ ചിന്ത ആദ്യമേ യാഥാര്‍ഥ്യം പറഞ്ഞിരുന്നെങ്കില്‍ ഇത്രയും കുഴപ്പം ഉണ്ടാകില്ലായിരുന്നെന്നു പരാമര്‍ശിക്കുക മാത്രം ചെയ്തു. കഴിഞ്ഞ ജില്ലാ സമ്മേളനത്തിലാണ് ചിന്ത ജെറോം ആദ്യമായി ജില്ലാ കമ്മിറ്റിയിലെത്തിയത്. ഒരു ജില്ലാ കമ്മിറ്റി യോഗത്തില്‍പോലും പങ്കെടുക്കുന്നതിനു മുന്‍പേ കൊച്ചി സമ്മേളനത്തിലൂടെ ചിന്ത സംസ്ഥാന കമ്മിറ്റിയിലെത്തിയത് കീഴ്ഘടകങ്ങളില്‍ സജീവ ചര്‍ച്ചയായിരുന്നു.
പാലക്കാട്ട് വിഭാഗീയത മൂര്‍ദ്ധന്യത്തില്‍. സമ്മേളനകാലത്തു ചില നേതാക്കളെ കേന്ദ്രീകരിച്ചുണ്ടായ പ്രാദേശിക വിഭാഗീയതയില്‍നിന്ന് ജില്ലാ നേതൃത്വത്തിലെ ചേരിതിരിവില്‍ എത്തിയിരിക്കുന്നു പാലക്കാട്ടെ പ്രശ്‌നങ്ങള്‍. സംസ്ഥാന നേതൃത്വം തുടര്‍ച്ചയായി ഇടപെട്ടതോടെ തല്‍ക്കാലം നിശബ്ദമാണെങ്കിലും വിഭാഗീയത വീണ്ടും ഉരുണ്ടുകൂടുന്നതായാണു സൂചനകള്‍. പരാതികളും ആരോപണങ്ങളും ഔദ്യോഗികപക്ഷത്തിന് എതിരെയെങ്കില്‍ അന്വേഷണവും നടപടിയും പരമാവധി നീളും, മറുപക്ഷത്തിനെതിരെയെങ്കില്‍ അപ്പപ്പോള്‍ പരസ്യമാകും എന്നതാണു സ്ഥിതി. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗങ്ങളിലും ഇത്തരത്തില്‍ ആരോപണം ഉയര്‍ന്നു. വിഭാഗീയ ശ്രമങ്ങള്‍ സ്വയം പിന്‍വലിക്കണമെന്നു സമ്മേളനകാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. സമ്മേളനകാലത്തെ വിഭാഗീയത അന്വേഷിച്ച സംസ്ഥാന കമ്മിഷന്റെ റിപ്പോര്‍ട്ട് ചര്‍ച്ചയ്‌ക്കെടുക്കുന്നതോടെ അച്ചടക്കനടപടികളിലേക്കു പാര്‍ട്ടിക്കു കടക്കേണ്ടിവരുമെന്നാണു കരുതുന്നത്.
































