തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളി കേസില്‍ സഭയ്ക്കകത്തും പുറത്തും മന്ത്രി ശിവന്‍കുട്ടിയ്ക്കെതിരെ പ്രതിഷേധം ശക്തമായപ്പോള്‍ ആ പ്രതിഷേധത്തിനെതിരെ സമരം നടത്തി പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് സി പി എം. ഇതിന്റെ ആദ്യപടിയായി മന്ത്രിക്കെതിരെയുള്ള വ്യാജ പ്രചാരണവും സമരാഭാസങ്ങളും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 3,5 തീയതികളില്‍ എല്‍ ഡി എഫ് നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്താനാണ് പാര്‍ട്ടി നീക്കം.
മൂന്നിന് നേമം നിയോജക മണ്ഡലത്തിലും അഞ്ചിന് തിരുവനന്തപുരം ജില്ലയില്‍ ഒട്ടാകെയും എല്‍ഡിഎഫ് നേതൃത്വത്തില്‍ പ്രതിഷേധ സമരം നടക്കും. ഗ്രാമപഞ്ചായത്ത് വാര്‍ഡില്‍ അഞ്ച് കേന്ദ്രങ്ങളിലും നഗരസഭാ വാര്‍ഡുകളില്‍ 15 കേന്ദ്രങ്ങളിലും വൈകിട്ട് 5 മുതല്‍ 6 വരെ അഞ്ചുപേര്‍ വീതം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള പ്രതിഷേധ സമരമാണ് നടക്കുന്നന്ന് സി പി എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പ്രസ്താവനയില്‍ പറഞ്ഞു.
കേസില്‍ വിചാരണ നേരിടണമെന്നാണ് സുപ്രീംകോടതി വിധി. അതിനര്‍ത്ഥം കുറ്റം ചെയ്തതായി കോടതി വിധിച്ചു എന്നല്ല. ഇതിന് മുമ്പ് വിചാരണ നേരിട്ട മന്ത്രിമാര്‍ ആരും രാജിവെച്ചതായി അറിയില്ല. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനു മുന്നില്‍ ഹാജരായി മൊഴി കൊടുത്തിട്ടുണ്ട്. കെ ബാബു, സി എന്‍ ബാലകൃഷ്ണന്‍, അടൂര്‍ പ്രകാശ്, അനൂപ് ജേക്കബ്, രഘുചന്ദ്രപാല്‍ എന്നിവരെല്ലാം മന്ത്രിമാരായിരിക്കെ കോടതിയില്‍ വിചാരണ നേരിട്ടവരാണ്.
ഇതില്‍ പലതും അഴിമതി ആക്ഷേപവുമായി ബന്ധപ്പെട്ടായിരുന്നു. അവരാരും രാജി വെച്ചില്ല. ശിവന്‍കുട്ടിയുടെ പേരിലുള്ള കേസ് പ്രതിഷേധ സമരത്തിന്റെ ഭാഗമായി ഉള്ളതാണ്. അഴിമതി കേസില്‍ അടക്കം പ്രതിയായവര്‍ രാജി വെയ്ക്കാത്ത കേരളത്തില്‍ പ്രതിഷേധ സമരത്തിന്റെ ഭാഗമായി പ്രതിയായ മന്ത്രി രാജി വെയ്ക്കണം എന്ന് പറയുന്നത് അങ്ങേയറ്റം അപഹാസ്യമാണെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.
അതേസമയം ഇന്നും മന്ത്രിക്കെതിരെ നിയമസഭയ്ക്ക് അകത്തും പുറത്തും ശക്തമായ പ്രതിഷേധമാണ് അരങ്ങേറിയത്. കയ്യാങ്കളി കേസില്‍ സുപ്രീംകോടതി വിധി വന്നശേഷം ഇന്ന് ആദ്യമായാണ് മന്ത്രി ശിവന്‍കുട്ടി നിയമസഭയിലെത്തിയത്. ചോദ്യോത്തര വേളയില്‍ മന്ത്രി മറുപടി പറയാന്‍ എഴുന്നേറ്റപ്പോള്‍ തന്നെ പ്രതിപക്ഷം ബാനര്‍ ഉയര്‍ത്തി. ചോദ്യോത്തരവേള തടസപ്പെടുത്തി. മന്ത്രിയുടെ മറുപടി പ്രസംഗവും പ്രതിപക്ഷം പലതവണ തടസപ്പെടുത്തി. നിയമസഭക്ക് മുന്നിലേക്ക് യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും മഹിളാമോര്‍ച്ചയും നടത്തിയ മാര്‍ച്ചുകള്‍ സംഘര്‍ഷത്തില്‍ കാലാശിച്ചു. മറ്റന്നാള്‍ 140 മണ്ഡലങ്ങളിലും മന്ത്രിയുടെ രാജിക്കായി സമരം നടത്താനുള്ള തീരുമാനത്തിലാണ് യുഡിഎഫ്































