വടകര: അസംബ്ലി നിയോജക മണ്ഡലം ഇടതുമുന്നണി സ്ഥാനാര്‍ഥി മനയത്ത് ചന്ദ്രനെതിരെ അപകീര്‍ത്തികരമായ ശബ്ദരേഖ വാട്സ് ആപ്പിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയില്‍ നിയുക്ത എം.എല്‍.എ കെ.കെ.രമയടക്കം നാലു പേര്‍ക്കെതിരെ ചോമ്പാല പോലീസ് കേസെടുത്തു.
യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച് വിജയിച്ച ആര്.എം.പി.ഐ സ്ഥാനാര്‍ഥി കെ.കെ. രമ, വടകര സഹകരണ റൂറല്‍ ബാങ്ക് ജീവനക്കാരനും മടപ്പള്ളി സ്വദേശിയുമായ ഗുരിക്കളവിട കെ. കലാജിത്ത്, ഒഞ്ചിയം പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡംഗം മഠത്തില്‍ സുധീര്‍, അഴിയൂര്‍ ബ്രദേഴ്സ് വാട്സ്ആപ് ഗ്രൂപ് അഡ്മിന് യാസിര്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇതുസംബന്ധിച്ച് നേരത്തേ തെരഞ്ഞെടുപ്പ് കമ്മീഷന്, ജില്ല കളക്ടര്‍, തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫിസര്‍ എന്നിവര്‍ക്ക് മനയത്ത് ചന്ദ്രന്റെ ചീഫ് ഇലക്ഷന് ഏജന്റ് അഡ്വ.സി. വിനോദന്‍ പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് ചോമ്പാല പോലീസ് വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ അനുമതിയോടെയാണ് കേസെടുത്തത്. തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ഇടതു മുന്നണി സ്ഥാനാര്‍ഥിയായ മനയത്ത് ചന്ദ്രനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലാണ് ശബ്ദ രേഖ പ്രചരിപ്പിച്ചതെന്നും പരാതിയില്‍ പറഞ്ഞു. കെ.പി ആക്ട് 2011,120(o) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.