തിരുവനന്തപുരം : സഹകരണ ബാങ്ക് തട്ടിപ്പുകളില്‍ സി.പി.എം നേതാക്കള്‍ പങ്കാളികളാകുന്നതിനെതിരെ കര്‍ശന നടപടിയുമായി സി.പി.എം. ഇരട്ട പദവി വഹിക്കുന്ന നേതാക്കന്മാരോട് രണ്ടിലൊന്ന് തിരഞ്ഞെടുക്കാന്‍ സി.പി.എം ആവ്യപ്പെട്ടു. ലോക്കര്‍ സെക്രട്ടറിയും ഏരിയ സെക്രട്ടറിയുമായിരിക്കെ തന്നെ സഹകരണ ബാങ്ക് പ്രസിഡന്റുമാരുടെ ചുമതലയും വഹിക്കുന്നവരോടാണ് ഏതെങ്കിലും ഒരു പദവി തിരഞ്ഞെടുക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ബാങ്കിന്റെ ശമ്പളം വാങ്ങി പാര്‍ട്ടി പ്രവര്‍ത്തനം വേണ്ടെന്നാണ് നിര്‍ദേശം.
കരവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പാര്‍ട്ടിക്ക് നേരെതന്നെ ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സംസ്ഥാന കമ്മിറ്റിയുടെ പുതിയതീരുമാനം. മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകരായ നിരവധി പേരാണ് ഇത്തരത്തില്‍ സഹകരണ ബാങ്കുകളിലും ജോലി ചെയ്യുന്നത്. ഇത് ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായും ആക്ഷേപമുണ്ട്. ജോലി ചെയ്യാതെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനെതിരെ ബാങ്ക് ഭരണസമിതികളില്‍ അടക്കം വിമര്‍ശനം ഉയര്‍ന്നാലും സ്ഥാനമാനങ്ങള്‍ ഉപയോഗിച്ച് അവയെല്ലാം ഇല്ലാതാക്കുന്ന പതിവാണ് തുടര്‍ന്നു പോന്നിരുന്നത്.
ഇതിനെതിരെ കര്‍ശന നടപടികളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് മുന്‍പ് തന്നെ നടപടികള്‍ ആരംഭിക്കും. പാര്‍ട്ടി സമ്മേളനങ്ങള്‍ പൂര്‍ത്തിയാകുമ്പോഴേക്കും പൂര്‍ണമായ മാറ്റം ഉണ്ടാകും. ലോക്കല്‍ സെക്രട്ടറി, ഏരിയ സെക്രട്ടറി എന്നീ ചുമതലയിലുള്ളവര്‍ മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആയിരിക്കണമെന്നാണ് പാര്‍ട്ടി തീരുമാനം. ഇത് കര്‍ശനമായി നടപ്പാക്കും.