പത്തനംതിട്ട : എന്റെ ലോകവും, നിന്റെ ലോകവുമല്ല, ലോകം നമ്മുടേതാണെന്ന് തിരിച്ചറിയണമെന്ന് – പ്രമോദ് നാരായണന്‍ എംഎല്‍എ. സമഗ്ര ശിക്ഷാ കേരളവും, ഹരിത കേരള മിഷനും ചേര്‍ന്ന് റാന്നി ബി.ആര്‍.സി.യുടെ കീഴിലുള്ള വൈക്കം ഗവ.യു.പി. സ്‌കൂളില്‍ നടത്തുന്ന ക്രാഫ്റ്റ് 22 ത്രിദിന ജില്ലാതല ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎല്‍എ. കൃഷി, ആഹാരം, വീട്ടുപകരണ നിര്‍മാണം, കര വിരുത് എന്നീ മേഖലകളില്‍ ആറ് മുതല്‍ എട്ടു വരെ ക്ലാസുകളിലെ കുട്ടികളുടെ നൈപുണ്യ വികസനമാണ് ക്യാമ്പിന്റെ ലക്ഷ്യം.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ സമഗ്രശിക്ഷാകേരളം, ഹരിതകേരള മിഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ ജില്ലയിലെ മൂന്ന് സ്‌കൂളുകളിലാണ് ഇത്തരം ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. വൈജ്ഞാനികവും, വൈകാരികവും, പ്രക്രിയാപരവുമായ ശേഷികളുടെ പൂര്‍ത്തീകരണത്തിലൂടെ വിദ്യാര്‍ഥിയുടെ സമഗ്രവികാസം ലക്ഷ്യമിട്ടുകൊണ്ടാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുള്ളത്. ഓരോ കുട്ടിയുടെയും സന്തുലിത വ്യക്തിത്വ വികസനം ഉറപ്പാക്കുന്നതിനായി പാഠപുസ്തകത്തിലെ വിവരങ്ങള്‍ മാത്രം ഉള്‍ക്കൊള്ളുന്നതിനപ്പുറം ജീവിതത്തിന്റെ സമസ്തമേഖലകളെയും സ്പര്‍ശിക്കുന്ന തലത്തിലേക്ക് പഠനാനുഭവങ്ങള്‍ ഒരുക്കുന്നതിനുള്ള ശ്രമങ്ങളുടെ തുടക്കമാണ് ക്രാഫ്റ്റ് ക്യാമ്പിലൂടെ ആരംഭിക്കുന്നത്. അറിവിനൊപ്പം, വിവേകവും, ശരിയായ മനോഭാവവുമുള്ളവരായി ഭാവിതലമുറയെ വാര്‍ത്തെടുക്കുന്നതിനായുള്ള ഈ പ്രവര്‍ത്തനങ്ങള്‍ വിജയിക്കുന്ന പക്ഷം മറ്റ് വിദ്യാലയങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിനേക്കുറിച്ചും എസ്എസ്‌കെ ആലോചിക്കുന്നു.
വാര്‍ഡ്മെമ്പര്‍ മന്ദിരം രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍.രാജേഷ് മുഖ്യപ്രഭാഷണം നടത്തി. എസ്എസ്‌കെ ജില്ലാപ്രോഗ്രാം ഓഫീസര്‍ എ.കെ.പ്രകാശ്, റാന്നിപഞ്ചായത്ത് പ്രസിഡന്റ് ശോഭചാര്‍ലി, എഇഒ എം.ഷാംജിത്ത്, റാന്നിഗ്രാമപഞ്ചായത്ത് വികസന കാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സച്ചിന്‍ വയല, പഞ്ചായത്ത് അംഗങ്ങളായ കെ.ആര്‍ പ്രകാശ്, എം.എസ്. വിനോദ്, എച്ച്എം കെ.എം ഫസീല ബീവി, പിറ്റിഎ പ്രസിഡന്റ് പി.സാബു, റിസോഴ്സ്പേഴ്സണ്‍ മുഹമ്മദ് അന്‍സാരി, ബിപിസി ഷാജി എ. സലാം എന്നിവര്‍ സംസാരിച്ചു.