തൃശൂർ: തൃശൂർ പൂരത്തിൽ ആനകളുടെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പുറപ്പെടുവിപ്പിച്ച സർക്കുലറിനെതിരെതിരുവമ്പാടി- പാറമേക്കാവ് ദേവസ്വവും ആന ഉടമകളും രംഗത്തെത്തി. വെറ്ററിനറി ഡോക്ടർമാരുടെ പരിശോധനയ്ക്ക് പുറമേ വനംവകുപ്പിന്റെ ഡോക്ടർമാർ ആനകളെ വീണ്ടും പരിശോധിക്കുമെന്നാണ് ഉത്തരവിൽ പറയുന്നത്. അതിനുശേഷമേ ആനകളെ എഴുന്നള്ളിക്കാൻ സാധിക്കൂവെന്നും ഉത്തരവിൽ പറയുന്നു. നിലവിലെ ആനപരിശോധന സംവിധാനങ്ങളെ പൂർണമായും ഒഴിവാക്കിയാവും പുതിയത് വരിക. ആനകളെ നിയന്ത്രിക്കാൻ 80 അംഗ ആർ.ആർ.ടി സംഘം നിർബന്ധമാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ഇത്തരം സാഹചര്യത്തിൽ ആനകളെ വിട്ടുകൊടുക്കാൻ സാധിക്കില്ലെന്നാണ് ഉടമകളുടെ നിലപാട്.
ഇതിനിടെ ,കഴിഞ്ഞദിവസത്തെ ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് പുതിയ ഉത്തരവെന്നാണ് വനം വകുപ്പിന്റെ വിശദീകരണം. ആനയുമായി ബന്ധപ്പെട്ട് അനിഷ്ടസംഭവങ്ങളുണ്ടായാൽ ഉത്തരവാദി ചീഫ് വൈൽഡ് ലൈഫ് വാർഡനാണെന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. പുതിയ പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്ന് ഇരു ദേവസ്വവും യോഗം ചേരും. ആന ഉടമകളുമായി ചർച്ചയും നടത്തും.