ദുബായ് : ഗൾഫിലെമ്പാടും ഇടിമിന്നലോടുകൂടിയ കനത്തമഴയും ആലിപ്പഴവർഷവും. തിങ്കളാഴ്ച തുടങ്ങിയ മഴ ചൊവ്വാഴ്ച പുലർച്ചയോടെ ശക്തിപ്രാപിച്ചു. യു.എ.ഇ., ഒമാൻ, ബഹ്‌റൈൻ എന്നിവിടങ്ങളിലാണ് മഴ അതിശക്തമായത്. ബുധനാഴ്ചയും മഴ തുടരാനാണ് സാധ്യതയെന്ന് വിവിധ കാലാവസ്ഥാകേന്ദ്രങ്ങൾ അറിയിച്ചു. വെള്ളപ്പൊക്കത്തിൽപ്പെട്ട് ഒട്ടേറെ വാഹനങ്ങൾ ഒഴുകിപ്പോയി. കെട്ടിടാവശിഷ്ടങ്ങളും മറ്റും വീണ് വാഹനങ്ങൾക്ക് കേടുപാടുണ്ടായി. പലയിടങ്ങളിലും റോഡുകൾ ഇടിഞ്ഞുതാഴ്ന്നു. സ്കൂൾപഠനം ഓൺലൈനാക്കിയിരിക്കുകയാണ്. സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിട്ടുണ്ട്. അസ്ഥിര കാലാവസ്ഥയിൽ വിമാനസർവീസുകളിലും തടസ്സമുണ്ടായി.
വിവിധ ഗൾഫ് രാജ്യങ്ങളിൽ ബുധനാഴ്ച മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുമെന്നാണ് പ്രവചനം. ദുബായ്, അബുദാബി തീരപ്രദേശങ്ങളിലെല്ലാം കാറ്റ് ശക്തമായിരുന്നു. ഒമാനിലെ പേമാരിയിൽ 18 പേരാണ് ഇതുവരെ മരിച്ചത്. ഇതിൽ 10 പേർ സ്കൂൾവിദ്യാർഥികളാണ്. ഒട്ടേറെപ്പേരെ കാണാതായിട്ടുണ്ട്. ഇതുവരെയുള്ള നാശനഷ്ടങ്ങൾ കണക്കാക്കിയിട്ടില്ല. ബുധനാഴ്ച വൈകുന്നേരത്തോടെ സ്ഥിതിഗതികൾ മെച്ചപ്പെടുമെന്നാണ് വിവരം. രണ്ടുദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാവകുപ്പ് അറിയിച്ചു. മുൻകരുതൽ സ്വീകരിച്ചിരുന്നതുകൊണ്ട് വലിയ നാശനഷ്ടങ്ങൾ ഒഴിവാക്കാനായി.