മലപ്പുറം : വളര്‍ത്തു നായയെ റോഡിലൂടെ സ്കൂട്ടറില്‍ കെട്ടിവലിച്ച സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കരുനെച്ചി സ്വദേശി സേവ്യറാണ് അറസ്റ്റിലായത്. ക്രൂര ദൃശ്യം കണ്ട നാട്ടുകാരാണ് സ്കൂട്ടർ തടഞ്ഞ് നായയെ രക്ഷിച്ചത്. എന്നാൽ നായയെ വീട്ടുകാർ തന്നെ വീണ്ടും കടത്തിക്കൊണ്ടുപോയി. പെരുങ്കുളം മുതല്‍ മുസ്ല്യാരങ്ങാടി വരെ മൂന്ന് കിലോമീറ്ററോളം ദൂരമാണ് നായയെ കെട്ടിവലിച്ചത്.
നാടുകടത്താനായാണ് സ്കൂട്ടറിനു പിന്നിൽ കെട്ടി കൊണ്ടുപോയതെന്ന് സേവ്യർ നാട്ടുകാരോട് പറഞ്ഞു. നായ ചെരിപ്പ് കടിച്ച് കേടുവരുത്തിയെന്നും ഇയാൾ വിശദീകരിച്ചു. സ്കൂട്ടർ തടയാൻ ശ്രമിച്ച നാട്ടുകാരോട് ഇയാൾ തട്ടിക്കയറുകയും ചെയ്തു. കൂടുതൽ ആളുകളെത്തിയതോടെ ഇയാൾ നായയെ മോചിപ്പിച്ചു. എന്നാൽ ഒപ്പമുണ്ടായിരുന്ന സഹോദരിയുടെ മകൻ നായയുമായി കടന്നു. സേവ്യർ സ്കൂട്ടറുമായും രക്ഷപെട്ടു. തുടർന്ന് മൃഗസ്നേഹികളുടെ സംഘടന എടക്കര പോലീസിൽ പരാതി നൽകുകയായിരുന്നു.