തിരുവനന്തപുരം : സിഎസ്‌ഐ സഭയ്ക്കുള്ളിലെ പോര് തെരുവിലേക്ക്. തിരുവനന്തപുരം സിഎസ്‌ഐ സഭയിലെ പുതിയ ഭരണ സമതിക്കെതിരെ ഒരു വിഭാഗം വിശ്വാസികളുടെ പ്രതിഷേധം. അഴിമതി ആരോപണമടക്കം നേരിടുന്ന ബിഷപ്പിനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവരുമെന്ന ഭയത്തിലാണ് പഴയ ഭരണ സമിതിയെ പിരിച്ചുവിട്ടതെന്ന് വിശ്വാസികൾ. അതേസമയം പഴയ ഭരണ സമിതിയുടെ നേതൃത്വത്തിൽ ജോലി വാഗ്ദാനം ചെയ്തുവെന്ന് ആരോപിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയ യുവതിക്ക് ജോലി നൽകാമെന്ന് പുതിയ ഭരണസമിതി ഉറപ്പ് നൽകി.
പുതിയ ഭരണ സമിതി അധികാരമേറ്റശേഷം നടന്ന ആദ്യ പൊതുപരിപാടിയിലേക്കായിരുന്നു പഴയ ഭരണ സമിതിയുടെ നേതൃത്വത്തിൽ വിശ്വാസികളുടെ പ്രതിഷേധം. 126 പേർക്ക് പാർപ്പിടം നൽകുന്ന പരിപാടിയുടെ ഉദ്ഘാടന വേദിയിലേയ്‌ക്കെത്തിയ വിശ്വാസികൾ ബിഷപ്പ് ധർമരാജ് റസാലത്തിനെതിരെ മുദ്രാവാക്യമുയർത്തി. വിശ്വാസികളെ ഗേറ്റിന് മുമ്പിൽ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. അഴിമതി നടത്തിയും ജോലി വാഗ്ദാനങ്ങൾ ഉൾപ്പടെ നൽകി പഴയ ഭരണസമിതി വിശ്വാസികളെ പറ്റിക്കുകയായിരുന്നുവെന്ന് പുതിയ നേതൃത്വവും ആരോപിച്ചു.
അതേസമയം പഴയ ഭരണ സമിതി ജോലി വാഗ്ദാനം ചെയ്തുവെന്ന് ആരോപിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയ യുവതിയ്ക്ക് അഡ്മിനിസ്‌ട്രേറ്റീവ് ഭരണസമിതി ജോലി
നൽകാമെന്ന് ഉറപ്പ് നൽകി. ജോലി വാഗ്ദാനം ചെയ്തിട്ടില്ലെന്ന് പുറത്താക്കപ്പെട്ട സെക്രട്ടറി പി.കെ റോസ് ബിസ്റ്റ് പറഞ്ഞു. ഭരണ ഘടന വിരുദ്ധമായി നിയമിച്ച അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയെ പിൻവലിച്ചില്ലെങ്കിൽ സമരം ഇനിയും ശക്തമാക്കുമെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി.