പത്തനംതിട്ട : കോടികള്‍ തട്ടിപ്പ് നടത്തിയ പോപ്പുലര്‍ ഫിനാന്‍സ് ഏറ്റെടുക്കുമെന്ന് പ്രതികള്‍ ഉയര്‍ത്തിക്കാട്ടിയ അബുദാബിയില്‍ രജിസ്റ്റര്‍ ചെയ്ത ഡി പോര്‍ട്ട് ഫോളിയോ കമ്പിനി വെറും കടലാസ് കമ്പിനിയെന്നു സൂചന. ഓഫീസോ ജീവനക്കാരോ ഈ കമ്പിനിക്ക് ഇല്ല. സാങ്കേതികമായി കഴിഞ്ഞ ഡിസംബറില്‍ രജിസ്റ്റര്‍ ചെയ്തു എന്ന് മാത്രം. ഈ കടലാസ് കമ്പനിയെ മുമ്പില്‍ കാണിച്ചാണ് പോപ്പുലര്‍ ഉടമകള്‍ നിക്ഷേപകരെ വീണ്ടും ചതിയില്‍പ്പെടുത്തുവാന്‍ തുനിഞ്ഞത്. യു.എ.ഇ എക്സ്ചേഞ്ചിന്റെ സ്ഥാപകരില്‍ പ്രധാനിയായിരുന്ന ദാനിയേല്‍ വര്‍ഗീസാണ് ഈ കമ്പനി രജിസ്റ്റര്‍ ചെയ്തത്.
ഡാനിയേല്‍ വര്‍ഗീസിനെ പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ക്ക് ബന്ധപ്പെടുത്തി കൊടുത്തത് ചില മതമേലധ്യക്ഷന്‍മാര്‍ ആണെന്നാണ് സൂചന. പോപ്പുലറില്‍ നിക്ഷേപിച്ച തങ്ങളുടെ കോടികള്‍ എങ്ങനെയും ഊരിയെടുക്കുവാനുള്ള നീക്കമായിരുന്നു ഇതിന് പിന്നില്‍. വിദേശ കമ്പിനിയെന്ന് കാണിച്ച് ഡി കമ്പിനിയെയും ഉടമയായ ദാനിയേല്‍ വര്‍ഗീസിനെയും ദിവ്യ പരിവേഷത്തോടെ തട്ടിപ്പിന് ഇരയായ നിക്ഷേപകരുടെ മുന്നില്‍ അവതരിപ്പിക്കുവാന്‍ പോപ്പുലര്‍ പ്രതികള്‍ക്കും അവരുടെ അഭിഭാഷകര്‍ക്കും കഴിഞ്ഞിരുന്നു.
നിക്ഷേപകരെ ബ്രെയിന്‍ വാഷ് ചെയ്യുവാന്‍ ചില വാട്സ് ആപ്പ് ഗ്രൂപ്പുകളും തല്ലിക്കൂട്ടി. ഇതില്‍ പ്രധാനമാണ് കോട്ടയം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മെര്‍ജര്‍ ആന്റ് ടെക്കൊവേര്‍ (MATO) ഗ്രൂപ്പ്. വന്‍തുകയാണ് ഈ ഗ്രൂപ്പിന്റെ നടത്തിപ്പുകാര്‍ക്ക് പോപ്പുലര്‍ പ്രതികള്‍ വാഗ്ദാനം ചെയ്തിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. നിലവില്‍ ഈ ഗ്രൂപ്പിനെതിരെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. ഗ്രൂപ്പിലെ അംഗങ്ങളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുകയാണെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഗ്രൂപ്പിലെ അംഗങ്ങള്‍ പ്രധാനമായും പോപ്പുലര്‍ തട്ടിപ്പ് കമ്പിനിയിലെ ജീവനക്കാരാണ്. ഇതില്‍ പേരിനു മാത്രമാണ് നിക്ഷേപകരുള്ളത്. ഡി കമ്പിനിക്ക് നിക്ഷേപകരുടെ ഇടയില്‍ വിശ്വാസം നേടിയെടുക്കുക എന്ന ദൌത്യമാണ് വാട്സ് ആപ്പ് ഗ്രൂപ്പിന് ഉള്ളത്. തുടര്‍ച്ചയായി മെസ്സേജുകള്‍ നല്‍കി തട്ടിപ്പിനിരയായ നിക്ഷേപകരെ തങ്ങളിലേക്ക് അടുപ്പിക്കുവാനാണ് ഇവര്‍ ശ്രമിച്ചത്. ഇതില്‍ ഒരു പരിധിവരെ ഇവര്‍ വിജയിക്കുകയും ചെയ്തു.
ഡി കമ്പിനിയുടെ ഉടമയായി രംഗപ്രവേശം ചെയ്ത ദാനിയേല്‍ വര്‍ഗീസിനും കോടികളുടെ ഓഫറാണ് ലഭിച്ചത്. ഏറ്റവും കുറഞ്ഞ തുകക്ക് ഒതുതീര്‍പ്പ് ഉണ്ടാക്കുവാനാണ് ഡി കമ്പിനിയെന്ന കടലാസ് പുലിയെ കെട്ടിയിറക്കിയത്. തികച്ചും ഒരു കമ്മീഷന്‍ എജന്റായിരുന്നു ഇവര്‍. എങ്ങനെയും കേസുകള്‍ ഒത്തുതീര്‍പ്പാക്കി എത്രയുംവേഗം ഇന്ത്യ വിടുവാനായിരുന്നു പോപ്പുലര്‍ പ്രതികളുടെ നീക്കം. അതിനുവേണ്ടിയാണ് ഡി കമ്പിനി രൂപീകരിച്ചതും ഡാനിയേല്‍ വര്‍ഗീസിനെ കളിക്കളത്തില്‍ ഇറക്കിയതും. ഇതിന് പിന്നില്‍ പോപ്പുലര്‍ ഉടമകളുടെയും അവരുടെ അഭിഭാഷകരുടെയും വളഞ്ഞ ബുദ്ധിയാണ് പ്രവര്‍ത്തിച്ചത്. വാര്‍ത്ത തുടരും ……