ദില്ലി: കോഴികൾക്ക് തീറ്റയായി നൽകാൻ സൂക്ഷിച്ചിരുന്ന ഗോതമ്പ് മോഷ്ടിച്ചെന്ന് ആരോപിച്ച് ദളിത് ബാലൻമാരെ ആക്രമിച്ച് തല മുണ്ഡനം ചെയ്ത് ഗ്രാമത്തിലൂടെ നടത്തിച്ചു. ഉത്തർപ്രദേശിലെ ബഹ്റെയ്ച്ച് ജില്ലയിലാണ് സംഭവം. എന്നാൽ സമയം വൈകി ജോലിക്ക് എത്തിയതിനാണ് ദളിത് ബാലൻമാർ ആക്രമിക്കപ്പെട്ടതെന്നാണ് കുടുംബം ആരോപിക്കുന്നത്. അഞ്ച് കിലോ ഗോതമ്പ് മോഷ്ടിച്ചെന്ന് ആരോപിച്ച് രണ്ട് കോഴി ഫാമുടമകളുടെ നേതൃത്വത്തിലായിരുന്നു മർദ്ദനം. ക്രൂരമായ ആക്രമണത്തിന് ശേഷം ഇവരുടെ തല മൊട്ടയടിച്ച് മുഖത്ത് കരി തേച്ചാണ് ഗ്രാമത്തിലൂടെ നടത്തിച്ചതെന്നാണ് പരാതി. ചൊവ്വാഴ്ചയാണ് സംഭവം നടന്നതെന്നാണ് പരാതി. 12നും 14നും ഇടയിൽ പ്രായമുള്ള ആൺകുട്ടികൾക്കാണ് മർദ്ദനമേറ്റത്.
കുട്ടികളുടെ കയ്യിൽ കള്ളന്മാർ എന്ന് എഴുതിയായിരുന്നു ഗ്രാമത്തിലൂടെയുള്ള പരേഡ്. നാല് പേർക്കെതിരെയാണ് ആൺകുട്ടികളുടെ കുടുംബം പരാതി ഉന്നയിച്ചിട്ടുള്ളത്. നസീം ഖാൻ, ഖാസിം ഖാൻ, ഇനായത്, സാനു എന്നിവർ ചേർന്നാണ് മർദ്ദിച്ചതെന്നാണ് പരാതി. ഇവർക്കെതിരെ എസ് സി എസ് ടി വിഭാഗങ്ങൾക്കെതിരായ അതിക്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. കേസിൽ മൂന്ന് പേരെ ഇതിനോടകം അറസ്റ്റ് ചെയ്തതായാണ് പൊലീസ് വിശദമാക്കുന്നത്. മുൻ ഗ്രാമ തലവൻ അടക്കമുള്ളവരാണ് കേസിലെ പ്രതികൾ. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ മുൻ ഗ്രാമത്തലവൻ ഒളിവിൽ പോയിരിക്കുകയാണ്. നേരത്തെയും കുട്ടികൾക്കെതിരെ മോഷ്ടിച്ചുവെന്ന ആരോപണം ഫാം ഉടമകൾ വ്യാജമായി ഉന്നയിച്ചിരുന്നതായും രക്ഷിതാക്കൾ പറയുന്നു. ആക്രമണ ദൃശ്യങ്ങൾ ഇവർ മൊബൈൽ ഫോണിൽ ചിത്രീകരിച്ചതായും പരാതി വിശദമാക്കുന്നു.