മധ്യപ്രദേശ്: കടം വാങ്ങിയത് തിരികെ നൽകാത്തതിനെ തുടർന്ന് തർക്കത്തെ തുടര്‍ന്ന് മധ്യപ്രദേശിൽ വ്യവസായിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി കുഴിച്ചിട്ടു. 45 കാരനായ പലചരക്ക് വ്യാപാരി വിവേക് ശർമ്മയാണ് കൊല്ലപ്പെട്ടത്. ഇയാൾ ബന്ധുവിൽ നിന്ന് 90,000 രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ നൽകാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. മധ്യപ്രദേശിലെ ഗുണ ജില്ലയിലാണ് സംഭവം. കഴിഞ്ഞ ബുധനാഴ്ച മെഡിക്കൽ റെപ്രസന്റേറ്റീവായ ബന്ധു മോഹിതിനെ കാണാൻ വീട്ടിൽ നിന്ന് ഇറങ്ങിയ ശർമ്മയെ പിന്നീട് കാണാതാവുകയായിരുന്നു.
രാത്രി വൈകിയും ശർമ്മയെ കാണാതായതോടെ കുടുംബം അന്വേഷിച്ചിറങ്ങി. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടാകാത്തതിനെ തുടർന്ന് കോട്വാലി പൊലീസിനെ സമീപിച്ചു. പൊലീസ് അന്വേഷണത്തിൽ ശർമ്മയുടെ മോട്ടോർ സൈക്കിൾ ഗുണ ജില്ലയിലെ ഗോപികൃഷ്ണ സാഗർ അണക്കെട്ടിന് സമീപം കണ്ടെത്തി. തുടരന്വേഷണത്തിൽ അണക്കെട്ടിന് സമീപമുള്ള കുഴിയിൽ നിന്ന് ശരീരഭാഗങ്ങൾ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് തല ഉണ്ടായിരുന്നില്ല. കൈയിലെ മോതിരം കണ്ടാണ് ബോഡി ശർമ്മയുടേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞത്.
പന്നീട്, മോഹിതിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം മോഹിത് വെളിപ്പെടുത്തിയത്. ഭാര്യാസഹോദരന്റെ സർക്കാർ ക്വാർട്ടേഴ്‌സ് വളപ്പിൽ വച്ചാണ് കൊലപാതകം നടത്തിയതെന്ന് മോഹിത് വ്യക്തമാക്കി. ചായയിൽ മയക്കുമരുന്ന് കലർത്തിയാണ് കൊലപാതകം നടത്തിയത്. അബോധാവസ്ഥയിലായ ശർമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദ്ദേഹം ആറു കഷണങ്ങളാക്കി. പിന്നീട് ശരീരഭാഗങ്ങൾ ഹൈവേയിൽ നിന്ന് 50 അടി അകലെ എറിഞ്ഞതായി മോഹിത് പൊലീസിനോട് പറഞ്ഞു. ഗോപി സാഗർ അണക്കെട്ടിലേക്കുള്ള റോഡിന്റെ വശത്തും ചില ഭാഗങ്ങൾ കുഴിച്ചിട്ടു.