ഭുവനേശ്വർ: ബ്രാഹ്മണർക്കായി മാത്രമുള്ള ശ്മശാനത്തിനെതിരെ ദളിത് വിഭാഗത്തിന്റെ പ്രതിഷേധം. ഒഡീഷ നഗരമായ കേന്ദ്രപദയിലാണ് ബ്രാഹ്മണരെ സംസ്കരിക്കുന്നതിന് മാത്രമായി പൌരസമിതി ശ്മശാനം ഒരുക്കിയത്. ഹസാരിബാഗിച്ചയിലെ ശ്മശാനത്തിൽ ബ്രാഹ്മണരുടെ മൃതദേഹങ്ങൾ മാത്രമേ സംസ്‌കരിക്കൂവെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ദളിത് വിഭാഗങ്ങൾ രംഗത്തെത്തി. 1928 മുതൽ “ബ്രാഹ്മണ ഷംശൻ” പ്രവർത്തിക്കുന്നുണ്ട്. എന്നാൽ പൌരസമിതി ഈയിടെയാണ് ശ്മശാനത്തിൽ ബ്രാഹ്മണരെ മാത്രമേ സംസ്കരിക്കൂവെന്ന് ബോർഡ് സ്ഥാപിച്ചത്. തുടർന്ന് ദളിത് സമാജം തിങ്കളാഴ്ച സർക്കാരിന് കത്തയച്ചു.
ബ്രാഹ്മണർക്ക് വേണ്ടി മാത്രമാണ് പൗരസമിതി ദീർഘകാലമായി ശ്മശാനം പരിപാലിക്കുന്നതെന്നറിഞ്ഞപ്പോൾ ഞെട്ടിയെന്നും ജാതിമതഭേദമന്യേ എല്ലാ ഹിന്ദുക്കളെയും ഈ ശ്മശാനത്തിൽ സംസ്കരിക്കാൻ അനുവദിക്കണമെന്നും ഭരണകൂടത്തോട് ആവശ്യപ്പെട്ടതായി ഒഡീഷ ദളിത് സമാജ് ജില്ലാ യൂണിറ്റ് പ്രസിഡന്റുമായ നാഗേന്ദ്ര ജെന പറഞ്ഞു. എന്നാൽ ഉദ്യോഗസ്ഥർ അപേക്ഷകൾ അവഗണിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രാഹ്മണർക്കായി മാത്രം ശ്മശാനം നടത്തുന്നത് നിയമവിരുദ്ധമാണെന്ന് സിപിഎം ജില്ലാ യൂണിറ്റ് പ്രസിഡന്റ് ഗയാധർ ധാൽ പറഞ്ഞു.