ന്യൂഡൽഹി : ദലിത് വിഭാഗങ്ങൾക്കിടയിലെ ഉപസംവരണത്തെച്ചൊല്ലി കേന്ദ്രമന്ത്രിമാരായ ചിരാഗ് പാസ്വാനും (എൽജെപി–റാം വിലാസ്) ജീതൻ റാം മാഞ്ചിയും (എച്ച്എഎം) തമ്മിൽ പരസ്യമായ വാക്പോര്. എൻഡിഎ സഖ്യത്തിലെ ബിഹാറിൽനിന്നുള്ള പ്രമുഖ ദലിത് നേതാക്കളാണ് ഇരുവരും. ദലിതരിലെ ഏറ്റവും പിന്നാക്കവിഭാഗങ്ങൾക്ക് ഉപസംവരണം നൽകണമെന്ന ആവശ്യം ജീതൻ റാം മാഞ്ചിയും മകനും ബിഹാർ മന്ത്രിയുമായ സന്തോഷ് കുമാർ സുമനും ഉന്നയിച്ചിരുന്നു. എന്നാൽ ഇതിനെതിരെ ചിരാഗ് പാസ്വാൻ രംഗത്തെത്തുകയായിരുന്നു. ഉപസംവരണം ദലിതർക്കിടയിൽ ഭിന്നത സൃഷ്ടിക്കുമെന്നാണു ചിരാഗിന്റെ വാദം. ഉപസംവരണം ആവശ്യമാണെങ്കിൽ അച്ഛനും മകനും മന്ത്രിപദം ഉപേക്ഷിച്ച് പാർലമെന്റിൽ ഇക്കാര്യം ഉന്നയിക്കണമെന്നും ചിരാഗ് ആവശ്യപ്പെട്ടു.
മുൻപ് നിതീഷ് കുമാർ സർക്കാർ ബിഹാറിൽ ‘മഹാദലിത്’വിഭാഗം രൂപീകരിച്ചപ്പോൾ ചിരാഗിന്റെ അച്ഛൻ റാംവിലാസ് പാസ്വാനും അതിനെ ശക്തമായി എതിർത്തിരുന്നു. എന്നാൽ, കാര്യം മനസ്സിലാകാതെ പ്രതികരിക്കുന്ന ചിരാഗാണു യഥാർഥത്തിൽ രാജിവയ്ക്കേണ്ടതെന്നു ജീതൻ റാം മാഞ്ചി തിരിച്ചടിച്ചു. സ്വന്തം സമുദായമായ ദുസധിന്റെ ആധിപത്യം നിലനിർത്താനാണു പാസ്വാൻ കുടുംബം ഉപസംവരണത്തെ എതിർക്കുന്നതെന്നും മാഞ്ചി പറഞ്ഞു. പട്ടികജാതിയിലെ മുസഹർ, ഭുയാ,നാട്ട്, ദോം തുടങ്ങിയ വിഭാഗങ്ങൾ കടുത്ത വിവേചനം നേരിടുന്നുവെന്നാണ് മാഞ്ചിയുടെ നിലപാട്. മാഞ്ചി മുസഹർ വിഭാഗത്തിലെ നേതാവാണ്. പട്ടികവിഭാഗങ്ങളിലെ പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തിൽ ഉപസംവരണം നൽകാൻ സംസ്ഥാനങ്ങളെ അധികാരപ്പെടുത്തുന്ന 2024ലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണു നിലവിൽ ചർച്ചകൾ.
നാഗ്പുരിലെ ആർഎസ്എസ് ആസ്ഥാനത്തു നിന്നുള്ള നിർദേശപ്രകാരമാകാം ഇരുനേതാക്കളും തമ്മിൽ സംവരണ വിഷയത്തിൽ പോരടിക്കുന്നതെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു. സംവരണ സീറ്റുകളിൽനിന്നാണു ജയിച്ചതെങ്കിലും സംവരണവിരുദ്ധരായ ബിജെപിക്കൊപ്പമാണ് ഇരുവരുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.അതിനിടെ, ഒബിസി സംവരണത്തിലെ ക്രീമിലെയർ വരുമാനപരിധി സംബന്ധിച്ച പ്രശ്നം രണ്ടു കേന്ദ്രമന്ത്രാലയങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണെന്ന പരാമർശം ബിജെപി എംപി ഗണേഷ് സിങ് മയപ്പെടുത്തി. മോദി സർക്കാരിന്റെ ഒബിസി ക്ഷേമത്തിനുള്ള പ്രതിബദ്ധതയെ ചോദ്യം ചെയ്യുന്നതായിരുന്നില്ല തന്റെ പരാമർശമെന്നു വ്യക്തത വരുത്തി.
































