പത്തനംതിട്ട : കഴിഞ്ഞ ദിവസം നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിൽ ഉൾപ്പെടെ ബഹുഭൂരിപക്ഷം ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും നഷ്ട്ടപ്പെട്ട ഭരണം തിരികെ പിടിച്ച് മികച്ച വിജയത്തോടെ ജില്ലയിൽ വൻ മുന്നേറ്റം ഉണ്ടാക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചു പറമ്പിൽ, സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം എന്നിവർ പറഞ്ഞു. പിണറായി സർക്കാരിന്റെ അഴിമതി, കെടുകാര്യസ്ഥത, നികുതി വർദ്ധന, വിലക്കറ്റം എന്നിവർക്കെതിരായി സംസ്ഥാനത്തൊട്ടാകെയുള്ള ജനങ്ങളുടെ പ്രതിഷേധവും ശബരിമലയിൽ നടത്തിയ സർക്കാർ സ്പോൺസേർഡ് സ്വർണ്ണക്കൊള്ളയും വിശ്വാസി വഞ്ചനയും തിരഞ്ഞെടുപ്പിൻ ജില്ലയിൽ വ്യാകമായി വോട്ടർമാരെ സ്വാധീനിക്കുയും വിധിയെഴുത്തിൽ പ്രതിഫലിക്കുകയും ചെയ്യുമെന്ന് ഡി.സി.സി നേതാക്കൾ പറഞ്ഞു.
വോട്ടർ പട്ടിക തയ്യാറാക്കൽ, വാർഡ് വിഭജനം, നോമിനേഷൻ സ്വീകരിക്കൽ, വോട്ടെടുപ്പ് തുടങ്ങിയ പ്രക്രീയകളിൽ സർക്കാർ അനുകൂല സർവീസ് സംഘടനാ ഉദ്ദ്യോഗസ്ഥരെ ഉപയോഗിച്ച് ഭരണകക്ഷിക്ക് അനുകൂലമായി നിഷ്പക്ഷമല്ലാത്തതും നീതിരഹിതവുമായ പ്രവർത്തനം നടത്തിയതായി സതീഷ് കൊച്ചുപറമ്പിലും സാമുവൽ കിഴക്കുപുറവും ആരോപിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥികളെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും നോമിനേഷൻ പിൻവലിപ്പിക്കുവാനും ഭരണകക്ഷി അനുകൂല ഉദ്യോഗസ്ഥരെ ഉപയോഗിച്ച് നാമനിർദ്ദേശപത്രികൾ തള്ളിക്കുവാനും ശ്രമം നടന്നതായി നേതാക്കൾ കുറ്റപ്പെടുത്തി.
പ്രചരണ സമയത്ത് മെഴുവേലിയിൽ സ്ഥാനാർത്ഥിയുടെ മേൽ കരി ഓയിൽ ആക്രമണം നടത്തിയ സി.പി.എം നേതാക്കൾ വോട്ട് എടുപ്പ് ദിവസം സീതത്തോട്ടിൽ ഉൾപ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ യു.ഡി.എഫ് നേതാക്കൾക്കു നേരേ വ്യാപകമായി ആക്രമണം അഴിച്ചു വിട്ടതായും പോലീസ് നിഷ്ക്രിയത്വം ഇതിന് തുണയായതായും നേതാക്കൾ പറഞ്ഞു. തെരഞ്ഞെടുപ്പിൽ യു.ഡി എഫ് സ്ഥാനാർത്ഥികൾക്കായി വിശ്രമരഹിതമായി കഠിനാധ്വാനം ചെയ്ത് പ്രവർത്തിച്ച വാർഡ്തലം മുതലുള്ള നേതാക്കൾക്കും പ്രവർത്തകർക്കും വോട്ടവകാശം വിനിയോഗിച്ച ജനാധിപത്യ വിശ്വാസികളായ വോട്ടർമാർക്കും ഡി.സി.സി നന്ദി അറിച്ചു.





























