പത്തനംതിട്ട : പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രൊഫസർ സതീഷ് കൊച്ചുപറമ്പിൽ നയിക്കുന്ന ആസാദ് കീ ഗൗരവ് പഞ്ചദിന പദയാത്ര നാളെ മൂന്നാം ദിവസത്തിലേക്ക് കടക്കും. ഇന്ത്യൻ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ 75ആം വാർഷികത്തോടനുബന്ധിച്ച് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരമാണ് പദയാത്ര സംഘടിപ്പിച്ചിരിക്കുന്നത്. മൂന്നാം ദിവസമായ നാളെ (വെള്ളിയാഴ്ച) രാവിലെ പന്തളത്തുനിന്നും ആരംഭിച്ച് അടൂരില്‍ സമാപിക്കും.
രാവിലെ 10 മണിക്ക് മുന്‍ എം.എല്‍.എയും കെപിസിസി ജനറല്‍ സെക്രട്ടറിയുമായിരുന്ന കെ. ശിവദാസൻ നായർ പദയാത്ര ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ശേഷം പറന്തലിൽ നിന്ന് അടൂരിലേക്ക് നടക്കുന്ന യാത്ര മുൻ മന്ത്രി പന്തളം സുധാകരന്‍ ഉദ്ഘാടനം ചെയ്യും. പദയാത്ര അഞ്ചുമണിക്ക് അടൂരിൽ സമാപിക്കും. സമാപന സമ്മേളനം കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും.
പദയാത്രയിൽ ആയിരക്കണക്കിന് പ്രവർത്തകർ മൂവർണക്കൊടിയും ദേശീയത വിളിച്ചോതുന്ന മുദ്രാവാക്യങ്ങളുമായി അണിനിരക്കുന്നത് ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നിട്ടുണ്ട്. പദയാത്ര ജില്ലയിലെ കോൺഗ്രസിന്റെ ചരിത്രത്തിൽ അവിസ്മരണീയമായി മാറുകയാണെന്ന് വൈസ് ക്യാപ്റ്റൻമാരായ അഡ്വ. വെട്ടൂർ ജ്യോതി പ്രസാദ്, അനിൽ തോമസ് എന്നിവർ പറഞ്ഞു.