പത്തനംതിട്ട : ലോക്ഡൗണിന്റെ മറവില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കവാന്‍ പത്തനംതിട്ട ഡി.സി.സി ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.
അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്നും പാസുമായി അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ വന്നവരെ കേരളത്തിന്റെ മണ്ണില്‍ കാലുകുത്താന്‍ സമ്മതിക്കാതിരുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. കൊച്ചി വിമാനത്താവളത്തില്‍ വന്നിറങ്ങിയ പത്തനംതിട്ട ജില്ലക്കാരായ രണ്ട് പേരെ രാത്രി മുഴുവന്‍ ജില്ലാഭരണകൂടം ബുദ്ധിമുട്ടിച്ചു. കെട്ടിടങ്ങള്‍ കണ്ടെത്തിയതല്ലാതെ അവിടെ യാതൊരു അടിസ്ഥാന സൗകര്യവും ക്വാറന്‍റൈന്‍ കേന്ദ്രങ്ങളില്‍ ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയിട്ടില്ല. സൗജന്യ കിറ്റ് വിതരണം പോലും പരാജയപ്പെട്ടു. സി.പി.എം നിയന്ത്രണത്തിലുള്ള ഇരവിപേരൂര്‍ പഞ്ചായത്തിന്റെ വാഹനത്തില്‍ വാറ്റു സാമഗ്രികള്‍ കടത്തിയത് പോലീസ് കണ്ടെത്തിയിട്ടും ആര്‍ക്കുമെതിരെ കേസ് എടുത്തില്ല. ജില്ലയില്‍ വ്യാജ ചാരായം സുലഭമാണ്. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ വന്യജീവി അക്രമണം രൂക്ഷമാണ്. തണ്ണിത്തോട്ടില്‍ റബ്ബര്‍ ടാപ്പിംഗ് തൊഴിലാളി കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടും വന്യജീവി ആക്രമണം തടയാന്‍ ഫലപ്രദമായ ഒരു കരുതല്‍ നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കേണ്ട ജില്ലയിലെ 5 എം.എല്‍.എ മാരും സമ്പൂര്‍ണ്ണ പരാജയമാണെന്നും ഡി.സി.സി ഭാരവാഹികളുടെ യോഗം കുറ്റപ്പെടുത്തി. ഫയര്‍ഫോഴ്സ് കൊണ്ടുവന്ന മരുന്നുകള്‍ വിതരണം ചെയ്യുന്നതിന്റെ ഫോട്ടോ എടുത്ത് സായൂജ്യമടയുകയാണ് ഇവര്‍ ചെയ്യുന്നത്. ഇത്തരം പബ്ലിസിറ്റി സ്റ്റണ്ടല്ലാതെ ക്രിയാത്മകമായ ഒരു പ്രവര്‍ത്തനവും ഇവര്‍ നടത്തുന്നില്ല. ലോക്ഡൗണ്‍ നീളുന്നതുമൂലം ഗ്രാമീണ മേഖലയില്‍ പട്ടിണി വ്യാപകമാണ്. റേഷന്‍ കടകളില്‍ സാധനങ്ങളില്ല. അപേക്ഷിക്കുന്നവര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ റേഷന്‍ കാര്‍ഡ് നല്‍കിയെങ്കിലും അതുകൊണ്ട് ഉപഭോക്താക്കള്‍ക്ക് പ്രയോജനം കിട്ടിയില്ല. കാര്‍ഡ് ആക്ടിവേഷന് 48 ദിവസം വേണമെന്നാണ് പൊതുവിതരണ വകുപ്പ് പറയുന്നത്. ജനത്തെ കബളിപ്പിക്കാനുള്ള പ്രചാരണവേലമാത്രമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും ഡി.സി.സി ആരോപിച്ചു.
സര്‍ക്കാര്‍ ഖജനാവിലേക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന കോടിക്കണക്കിന് രൂപ എങ്ങനെ വിനിയോഗിക്കുമെന്ന് ഇതുവരെ സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. പ്രളയകാലവുമായി കോവിഡ് 19 കാലത്തെ താരതമ്യം ചെയ്തുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ഗുണപരമല്ല. വ്യക്തികളുടെ ദൈനംദിന വരുമാനനഷ്ടമാണ് കോവിഡ് 19 വരുത്തിയ ആഘാതം. അതു പരിഹരിക്കാന്‍ അവര്‍ക്ക് സാമ്പത്തിക സഹായമാണ് സര്‍ക്കാരുകള്‍ നല്‍കേണ്ടത്. എന്നാല്‍ വ്യക്തികളുടെ സാമ്പത്തിക അവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള യാതൊരു പദ്ധതികളും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്കരിച്ചിട്ടില്ല. മീറ്റര്‍ റീഡിംഗില്‍ കെ.എസ്.ഇ.ബി വരുത്തിയ പരിഷ്കാരം വൈദ്യുതി ചാര്‍ജ്ജിന്റെ വന്‍വര്‍ദ്ധനക്ക് ഇടയാക്കി. ലോക്ഡൗണ്‍മൂലം വരുമാനമില്ലാതായവര്‍ക്ക് കനത്ത ആഘാതമാണ് വൈദ്യുതി ബോര്‍ഡ് വരുത്തിയിട്ടിള്ളത്. ജോലി നഷ്ടപ്പെട്ട് മടങ്ങിവരുന്ന പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനോ സഹായം നല്‍കുന്നതിനോ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.
ചെറുകിട വ്യാപാരികള്‍ ആത്മഹത്യയുടെ വക്കിലാണ്, പൂട്ടിയിട്ട കടകളില്‍ വന്‍ നഷ്ടം നേരിട്ടിരിക്കുകയാണ്. സംസ്ഥാന സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലാണ് വ്യാപാരി വ്യവസായികള്‍. അവരുടെ ബുദ്ധിമുട്ടുകള്‍ സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കരുത്. മുഴുവന്‍ വ്യാപാരികള്‍ക്കും അടിയന്തിര സഹായമായി ഒരുലക്ഷം രൂപവീതം സര്‍ക്കാര്‍ നല്‍കണം. എല്ലാവിധ ബാങ്ക്, സഹകരണ സംഘം വായ്പകള്‍ക്കും ഒരുവര്‍ഷത്തേക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തണമെന്നും ഡി.സി.സി യോഗം ആവശ്യപ്പെട്ടു.
സര്‍ക്കാരിന്റെ കെടുകാര്യസ്ഥതക്കെതിരെ നാളെ ജില്ലയിലെ വില്ലേജ് ആഫീസ്, കൃഷിഭവന്‍, പഞ്ചായത്തുകള്‍ എന്നിവയ്ക്ക് മുന്‍പില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിച്ച് കുത്തിയിരുപ്പ് സമരം നടത്തുന്നതിനും യോഗം തീരുമാനിച്ചു.
ഡി.സി.സി പ്രസിഡന്‍റ് ബാബു ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ആന്റോ ആന്‍റണി എം.പി, കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി. ശരത് ചന്ദ്രപ്രസാദ്, ജനറല്‍ സെക്രട്ടറി പഴകുളം മധു, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ പന്തളം സുധാകരന്‍, മാത്യു കുളത്തുങ്കല്‍, സതീഷ് കൊച്ചുപറമ്പില്‍, കെ.പി.സി.സി നിര്‍വ്വാഹക സമിതിയംഗം മാലേത്ത് സരളാദേവി, ഡി.സി.സി ഭാരവാഹികളായ റിങ്കു ചെറിയാന്‍, എ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതി പ്രസാദ്, അനില്‍ തോമസ്, സാമുവല്‍ കിഴക്കുപുറം, കാട്ടൂര്‍ അബ്ദുള്‍ സലാം സജി കൊട്ടയ്ക്കാട്, വി. ആര്‍ സോജി, ഹരികുമാര്‍ പൂതങ്കര എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.