കൊച്ചി : ഗ്രൂപ്പുകളുടെ അതൃപ്തി നിലനില്‍ക്കുമ്പോഴും ഡി.സി.സി അധ്യക്ഷന്‍മാരുടെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് സൂചന. രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവരുടെ അതൃപ്തി പരിഹരിക്കാനായുള്ള ഇടപെടലും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ഭാഗത്തു നിന്ന് ഉണ്ടാകും.
കേന്ദ്ര നേതൃത്വത്തിലെ മുതിര്‍ന്ന നേതാക്കള്‍ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായി ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തും. നിലവില്‍ ഗ്രൂപ്പുകള്‍ കടുംപിടുത്തതില്‍ തന്നെയാണ്. സോണിയ ഗാന്ധിയുടെ ഇടപെടലാണ് അവര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ കെ.സുധാകരന്‍ നല്‍കിയ പട്ടികയില്‍ നിന്ന് കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകില്ലെന്നാണ് സൂചനകള്‍.
കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും താത്പര്യങ്ങള്‍ പരിഗണിച്ചായിരിക്കും പ്രഖ്യാപനം. രണ്ട് ദിവസത്തിനുള്ളില്‍ തന്നെ പ്രഖ്യാപനമുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ കണക്കുകൂട്ടുന്നത്. ഗ്രൂപ്പുകള്‍ നിലവിലെ നിലപാടില്‍ ഉറച്ചു നിന്നാല്‍ ഡി.സി.സി അധ്യക്ഷന്‍മാരെ പ്രഖ്യാപിച്ചാലും കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ അടങ്ങാന്‍ സാധ്യതയില്ല.