പത്തനംതിട്ട : ജില്ലയിലെ അനധികൃത ക്വാറികള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാത്ത ജില്ലാ ഭരണകൂടത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ചുകൊണ്ട് ഡിസി.സിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട കളക്ടറേറ്റ് ഉപരോധിച്ചു. മുന്‍ ഡി.സി.സി പ്രസിഡന്റ് പി. മോഹന്‍രാജ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ അനധികൃത ക്വാറികളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുക, ടിപ്പര്‍ ലോറികളുടെ മരണപ്പാച്ചില്‍ നിയന്ത്രിക്കുക, ക്വാറികള്‍ അനുവദിക്കുന്നതിലെ അഴിമതി അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാബു ജോര്‍ജ്ജ്, മുന്‍ ഡി.സി.സി പ്രസിഡന്റ് പി. മോഹന്‍രാജ്, ഡി.സി.സി വൈസ് പ്രസിഡന്‍റ് വെട്ടൂര്‍ ജ്യോതിപ്രസാദ്, ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, കോന്നി ബ്ലോക്ക് പ്രസിഡന്റ് എസ്. സന്തോഷ് കുമാര്‍ എന്നിവരാണ് കളക്ട്രേറ്റ് കവാടം ഉപരോധിച്ച് സത്യാഗ്രഹം നടത്തിയത്.
ജനവാസ കേന്ദ്രങ്ങളില്‍പ്പോലും മാനദണ്ഡങ്ങള്‍ പാലിക്കാതെയും ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാതെയും പ്രവര്‍ത്തിക്കുന്ന നിരവവധി അനധികൃത ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇതിന്റെ പിന്നില്‍ വന്‍ അഴിമതി ഉണ്ടെന്നു സംശയിക്കുന്നതായും മോഹന്‍ രാജ് പറഞ്ഞു. വിജിലന്‍സ് അന്വേഷണത്തില്‍ക്കൂടി മാത്രമേ സത്യങ്ങള്‍ പുറത്തുവരുകയുള്ളൂ. ലോക്ക് ഡൌണില്‍ പോലും ചില ക്വാറികള്‍ തടസ്സമില്ലാതെ പ്രവര്‍ത്തിച്ചു. ഉന്നതരുടെ ഒത്താശയോടെ ടിപ്പറുകളും ടോറസ് ലോറികളും ചീറിപ്പാഞ്ഞപ്പോള്‍ ജില്ലാ കളക്ടര്‍ അത് കണ്ടില്ലെന്നു നടിക്കുകയായിരുന്നുവെന്നും മോഹന്‍ രാജ് കുറ്റപ്പെടുത്തി. ടിപ്പറുകളുടെ അമിത വേഗത്തിന്റെ ഏറ്റവും അവസാനത്തെ രക്തസാക്ഷിയാണ് അട്ടച്ചാക്കല്‍ മുളകുകാലായില്‍ അനീഷ് കുമാര്‍. ബൈക്കില്‍ സഞ്ചരിച്ചിരുന്ന അനീഷ് കുമാറിന്റെ നേരെ അമിതവേഗത്തില്‍ പാഞ്ഞുവന്ന ടിപ്പര്‍ ഇടിക്കുകയായിരുന്നു. പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്ത ജില്ലാ കളക്ടറാണ് ഇതിന് ഉത്തരം പറയേണ്ടതെന്നും പി. മോഹന്‍ രാജ് പറഞ്ഞു.
നിയമങ്ങള്‍ കാറ്റില്‍ പറത്തി നിരവധി ക്വാറികള്‍ പത്തനംതിട്ട ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ടിപ്പര്‍ ലോറികളുടെ അമിതവേഗവും മരണപ്പാച്ചിലും മൂലം നിരവധി ജീവനുകള്‍ നഷ്ടപ്പെടുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ഡി.സി.സി പ്രസിഡന്‍റ് ബാബു ജോര്‍ജ്ജ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈയയച്ചു സംഭാവനകള്‍ നല്‍കുന്നവരാണ് ക്വാറി, ടിപ്പര്‍ ലോബികള്‍. അതുകൊണ്ടുതന്നെ അവര്‍ക്കെതിരെ ഒരു ചെറുവിരല്‍ അനക്കുവാന്‍ പോലും കളക്ടര്‍ക്ക് കഴിയുന്നില്ല. സാധാരണ ജനങ്ങളുടെ ജീവന്റെ വിലയാണ് ഇങ്ങനെ കൈപ്പറ്റുന്നതെന്ന ബോധ്യം ജില്ലാ ഭരണകൂടത്തിന് ഉണ്ടായാല്‍ പുണ്യം കിട്ടുമെന്നും ബാബു ജോര്‍ജ്ജ് പറഞ്ഞു.