ന്യൂയോർക്ക്: ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം ഇറാനുമായി കരാറുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ട്രംപിൻ്റെ പ്രതികരണം. തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ നമ്മൾ ഒരു കരാറിലെത്തുമെന്ന് ഞാൻ വിശ്വസിക്കുന്നു. അവർക്ക് അങ്ങനെ ചെയ്യാതിരിക്കാൻ യാതൊരു കാരണവുമില്ല എന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം. യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിൽ ഇറാനെക്കുറിച്ച് ദീർഘമായി സംസാരിച്ച ട്രംപ് ഇറാനെതിരെ യുദ്ധം തിരഞ്ഞെടുക്കണമോ സമാധാനത്തിന്റെ വഴി സ്വീകരിക്കണമോ എന്ന കാര്യത്തിൽ തനിക്ക് തീരുമാനമെടുക്കാനുണ്ടെന്നും വ്യക്തമാക്കി.
ഇറാനുമായി ഒരു കരാർ ഉണ്ടാകുമോ? അതിലൂടെ അവർക്ക് പുനർനിർമിക്കാനും ഇതുവരെ ഉണ്ടായിരുന്നതിലും ശക്തമായ രാജ്യമായി മാറാനും കഴിയുമോ? അല്ലെങ്കിൽ ഇസ്ലാമിക് റിപ്പബ്ലിക്കിനെ ഞാൻ ഇല്ലാതാക്കണോ? അതും വേഗത്തിൽ. വീണ്ടും ജനങ്ങളെയും രാജ്യങ്ങളെയും കൊല്ലാനും നശിപ്പിക്കാനും അവർക്ക് അവസരം നൽകാതെ എന്നായിരുന്നു ട്രംപ് പറഞ്ഞത്. അവരെ നരകത്തിലേക്ക് തള്ളിവിടണോ, അതിലൂടെ അതിജീവിക്കാനും ഭാവിയിൽ വളരാനും അടുത്ത തലമുറകൾക്ക് പ്രതീക്ഷയുണ്ടാകാതിരിക്കുമോ? എന്നും അദ്ദേഹം ചോദിച്ചു. തന്റെ മുന്നിലുള്ള ഈ രണ്ട് സാധ്യതകൾ വിശദീകരിച്ച ശേഷമായിരുന്നു അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം ഇറാനുമായി ഒരു കരാർ ഉണ്ടാകുമെന്ന് താൻ വിശ്വസിക്കുന്നതായി ട്രംപ് വ്യക്തമാക്കിയത്. ഇറാനെ ഒരിക്കലും ആണവായുധം സ്വന്തമാക്കാൻ അനുവദിക്കില്ലെന്ന പ്രസ്താവന പ്രസംഗത്തിൽ ട്രംപ് ആവർത്തിച്ചു. ഈ പ്രസ്താവനയ്ക്ക് സദസിൽ നിന്ന് ചെറിയ തോതിൽ കൈയടിയും ലഭിച്ചു.































