ന്യൂയോർക്ക്: പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി. 130 ലധികം രാജ്യങ്ങളുടെ തലവന്മാരും പ്രതിനിധികളും പങ്കെടുക്കുന്ന സമ്മേളനം യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്‍റെ വൈകാരിക വിടവാങ്ങൽ പ്രസംഗത്തോടെയാണ് തുടക്കമായത്. ലോകത്തെ വിഭജിക്കുന്ന ഭിന്നതകൾ വർധിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, പശ്ചിമേഷ്യയിലെ യുദ്ധങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും ആഹ്വാനം ചെയ്തു.
എ ഐ സാങ്കേതികവിദ്യയ്ക്ക് അമിതാധികാരം നൽകുന്നത് അപകടമാണെന്ന മുന്നറിയിപ്പും യു എൻ സെക്രട്ടറി ജനറൽ നൽകി. യു എൻ രക്ഷാസമിതിയിൽ ആഫ്രിക്കൻ രാജ്യങ്ങൾക്ക് സ്ഥിരാംഗത്വം നൽകണമെന്ന സുപ്രധാന നിർദ്ദേശവും മുന്നോട്ടുവച്ചാണ് ഗുട്ടെറസ് വിടവാങ്ങൽ പ്രസംഗം അവസാനിപ്പിച്ചത്. യു എൻ സെക്രട്ടറി ജനറൽ എന്ന നിലയിൽ കാലാവധി പൂർത്തിയാക്കുന്ന ഗുട്ടെറസിന്‍റെ അവസാന പൊതുസഭാ പ്രസംഗത്തിന് നിറയെ കയ്യടി ലഭിച്ചു.































