റാന്നി : റാന്നിയിലെ കുടിവെള്ള പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കുവാന്‍ മന്ത്രിതല അവലോകന യോഗത്തില്‍ തീരുമാനമായി. റാന്നി നിയോജകമണ്ഡലത്തിലെ കുടിവെള്ള പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ജലവിഭവ മന്ത്രി മോൻസ് ജോസഫിന്റെ ഓഫീസിൽ ചേർന്ന അവലോകന യോഗത്തിലാണ് പദ്ധതികൾ അടിയന്തിരമായി പൂർത്തീകരിക്കുന്നതിന് നിർണായക തീരുമാനങ്ങളെടുത്തത്. ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി അപകടാവസ്ഥയിലുള്ള അപ്പാച്ചിമേട്, നീലിമല ടോപ്പ്, നീലിമല ബോട്ടം എന്നിവിടങ്ങളിലെ വാട്ടർ ടാങ്കുകൾ പുനർനിർമിക്കുന്നതിന് 3.86 കോടി രൂപ മന്ത്രി അനുവദിച്ചു.
ശബരിമല തീർത്ഥാടകർക്ക് ആവശ്യമായ കുടിവെള്ള സംവിധാനങ്ങൾ പോലും അവതാളത്തിലായിരിക്കുകയാണെന്ന് റാന്നി എം.എൽ.എ പഴകുളം മധു യോഗത്തിൽ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് മന്ത്രി തുക അനുവദിക്കാൻ ചീഫ് എൻജിനീയർക്ക് നിർദേശം നൽകിയത്. റാന്നി പഴവങ്ങാടി, മല്ലപ്പള്ളി, കോട്ടാങ്ങൽ, പെരുമ്പാറ തുടങ്ങി നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ഹൈദരാബാദ് ആസ്ഥാനമായ സ്‌ട്രെഫ കമ്പനി ഏറ്റെടുത്ത് മുടങ്ങിക്കിടക്കുന്ന എല്ലാ കുടിവെള്ള പദ്ധതികളുടെയും പുരോഗതി ചീഫ് എൻജിനീയറുടെ സാന്നിധ്യത്തിൽ കരാറുകാരനെ വിളിച്ചുവരുത്തി വിശദമായി പരിശോധിക്കുവാനും മന്ത്രി നിർദേശം നൽകി.
വടശ്ശേരിക്കര, വെച്ചൂച്ചിറ പഞ്ചായത്തുകൾക്ക് മണിയാർ അക്വഡക്ടിൽ നിന്ന് ജലം ലഭ്യമാക്കുന്നതിനുള്ള സാധ്യത പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. വടശ്ശേരിക്കരയിൽ നിലവിലുള്ള പമ്പ് ഹൗസിന്റെ അറ്റകുറ്റപ്പണികൾ അടിയന്തിരമായി നടത്താനും നിർദേശം നൽകിയിട്ടുണ്ട്. കേന്ദ്ര സഹായത്തോടെ 2024-ൽ പൂർത്തീകരിക്കേണ്ടിയിരുന്ന ചെറുകോൽ – നാരങ്ങാനം, കൊറ്റനാട് – അങ്ങാടി കുടിവെള്ള പദ്ധതികൾ നടപ്പാക്കുന്നതിന് കഴിഞ്ഞ പത്ത് വർഷമായി ആത്മാർത്ഥമായ ശ്രമം ഉണ്ടായിട്ടില്ലെന്ന് മന്ത്രി യോഗത്തിൽ അറിയിച്ചു.
കോട്ടാങ്ങൽ, പെരുനാട്, അട്ടത്തോട്, മഞ്ഞത്തോട് തുടങ്ങിയ പ്രദേശങ്ങളിലെ ജലക്ഷാമം പരിഹരിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. പതിറ്റാണ്ടുകൾക്ക് മുമ്പ് സ്ഥാപിച്ച ചെറിയ വ്യാസമുള്ള പൈപ്പുകൾ ഉപയോഗിക്കുന്നതിനാൽ മലമ്പാറ സ്കീമിലെ ടാങ്കിൽ വെള്ളം എത്തിക്കാൻ 18 മണിക്കൂർ വരെ സമയമെടുക്കുന്ന സാഹചര്യമാണുള്ളതെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി. പൈപ്പ് വാങ്ങി നൽകിയിട്ടും സ്‌ട്രെഫ കമ്പനിയുടെ അനാസ്ഥ മൂലം പ്രവൃത്തി മുന്നോട്ടുപോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സ്‌ട്രെഫ കമ്പനിയുടെ പ്രവൃത്തികൾ അടിയന്തിരമായി പൂർത്തീകരിക്കാൻ ഇടപെടുമെന്ന് മന്ത്രി അറിയിച്ചു. സ്‌ട്രെഫ കമ്പനി ടെൻഡർ ഏറ്റെടുത്ത പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെടുമ്പോൾ ചീഫ് സെക്രട്ടറി തലത്തിലുള്ള ചിലർ കമ്പനിക്ക് അനുകൂലമായി ഇടപെടുന്നതായി എം.എൽ.എ ആരോപിച്ചു.
ഇക്കാര്യത്തിൽ സർക്കാർ തലത്തിൽ ആവശ്യമായ ഇടപെടൽ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏഴുമറ്റൂർ കുടിവെള്ള പദ്ധതിയുടെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തർക്കം അടിയന്തിരമായി പരിഹരിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. നിലവിലെ തർക്കം പരിഹരിക്കാൻ കഴിയാത്ത പക്ഷം ഏഴുമറ്റൂർ ഗ്രാമപഞ്ചായത്ത് നിർദേശിക്കുന്ന കുറഞ്ഞ ചെലവിൽ കൂടുതൽ പ്രയോജനപ്രദമായ സ്ഥലം ഏറ്റെടുക്കണമെന്ന നിർദേശവും മന്ത്രി അംഗീകരിച്ചു. ഇതുസംബന്ധിച്ച് ഉടൻ നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഏകദേശം 300 കോടി രൂപയുടെ ഈ പദ്ധതി സ്വകാര്യ വ്യക്തിയുടെ തർക്കത്തെ തുടർന്ന് വർഷങ്ങളായി വൈകുകയാണെന്ന് എം.എൽ.എ അറിയിച്ചു. സ്ഥലമെടുപ്പിനായി 8.5 കോടി രൂപ വാട്ടർ അതോറിറ്റി റവന്യൂ വകുപ്പിൽ കെട്ടിവെച്ചിട്ട് വർഷങ്ങളായെന്നും അദ്ദേഹം പറഞ്ഞു.
നിലവിലുള്ള സ്ഥലത്തിന് പകരം ഏകദേശം 2.5 കോടി രൂപ ചെലവിൽ അതിനേക്കാൾ അനുയോജ്യമായ സ്ഥലം കണ്ടെത്തി നൽകാൻ തയ്യാറാണെന്ന് കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാമചന്ദ്രൻ നായരും ഏഴുമറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിൽ പൈക്കരയും യോഗത്തിൽ അറിയിച്ചു. വൻ തുകയ്ക്ക് ഭൂമി വിട്ടുനൽകുന്നതിന് പുറമെ നിലം നികത്താൻ അനുമതി നൽകണമെന്ന ഭൂവുടമയുടെ ആവശ്യം അംഗീകരിക്കരുതെന്നും സ്വകാര്യ വ്യക്തിയുടെ സമ്മർദ്ദത്തിന് വഴങ്ങി 300 കോടിയുടെ ജനോപകാരപ്രദമായ പദ്ധതി നഷ്ടപ്പെടാൻ അനുവദിക്കില്ലെന്നും എം.എൽ.എ വ്യക്തമാക്കി. വെച്ചൂച്ചിറയിലും കൊല്ലമുളയിലും നിലവിലുള്ള കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുന്നതിനായി പെരുന്തേനരുവി ഡാമിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യുമെന്ന് മന്ത്രി ഉറപ്പ് നൽകി.
കുടിവെള്ള പദ്ധതികളുടെ പുരോഗതി സെപ്റ്റംബർ അവസാനത്തോടെ വീണ്ടും അവലോകനം ചെയ്യാനും തീരുമാനിച്ചു. റാന്നിയിലെയും ശബരിമലയിലെയും കുടിവെള്ളവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി പമ്പയിൽ പ്രത്യേക യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു. അവലോകന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്മാരായ തൊട്ടപ്പുഴശ്ശേരി രാമചന്ദ്രൻ നായർ, സോണിയ മനോജ് തുടങ്ങിയവരും വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്മാരായ ശ്രീദേവി, അനിൽ പൈക്കര, അജീന നജീബ്, സുരേഷ് കുഴിവേലി, സുരേഷ് അങ്ങാടി, ശശികല രാജശേഖരൻ, ഉഷാ കേശവൻ, ഗിരിജ മധു, സുനിൽ കുമാർ, പ്രമോദ് മന്ദമരുതി, രമാദേവി, ബിന്ദു സജി, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.


































