കോഴിക്കോട്: സ്ത്രീകൾ പൊതുരംഗത്ത് ഇറങ്ങുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ കെ.ടി ജലീലിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ. 2019 ജനുവരി ഒന്നിന് വനിതാ മതിലുമായി ബന്ധപ്പെട്ട് ജലീൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് വീണ്ടും ചർച്ചയാകുന്നത്. ”നവോഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ എന്ത് വില കൊടുത്തും സ്ത്രീ സമൂഹം ഉണ്ടാകുമെന്ന് ഉറക്കെ പ്രഖ്യാപിച്ച് കേരളം തീർത്ത വനിതാ മതിൽ ചരിത്ര വിജയമായി. എല്ലാ എതിർപ്പുകളേയും കാറ്റിൽ പറത്തിയാണ് ലക്ഷോപലക്ഷം സഹോദരിമാർ മതിലിന്റെ ഭാഗമായത്.
ചില ലീഗ് സ്‌പോൺസേഡ് മത സംഘടനകൾ പുറപ്പെടുവിച്ച ‘സ്ത്രീകൾ പുറത്തിറങ്ങരുതെന്ന’ മതവിധിക്ക് പുല്ല് വില കൽപിച്ചാണ് പതിനായിരക്കണക്കിന് മുസ്‌ലിം സ്ത്രീകൾ മലപ്പുറത്ത് സ്ത്രീ കൂട്ടായ്മയിൽ പങ്കുകൊണ്ടത്. ഒരു മത സമുദായവും ഒരു തമ്പുരാന്റെയും കക്ഷത്തല്ലെന്ന് തെളിയിച്ച വനിതാ മതിൽ ഗംഭീര വിജയമാക്കിയ എല്ലാ സഹോദരിമാർക്കും ഒരായിരം ചുവപ്പൻ വിപ്ലവാഭിവാദ്യങ്ങൾ”- എന്നായിരുന്നു ജലീലിന്റെ കുറിപ്പ്. വനിതാ മതിലിനെതിരെ സമസ്ത നേതാക്കൾ അടക്കം വിമർശനം ഉന്നയിച്ച പശ്ചാത്തലത്തിലായിരുന്നു അന്ന് ‘ലീഗ് സ്‌പോൺസേഡ് മതസംഘടനകൾ’ എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള ജലീലിന്റെ പോസ്റ്റ്.































