തൃശ്ശൂര്‍ : നിക്ഷേപത്തുക തിരികെ നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ കൊടുങ്ങല്ലൂർ അരാക്കുളം പരാശക്തി ഫിനാൻസിന്റെ മാനേജിങ്ങ് ഡയറക്ടർ, പാർട്ണർമാരായ സി.അരവിന്ദാക്ഷ മേനോൻ, കെ.അനിൽ കുമാർ, സി.ബാലചന്ദ്രൻ, കെ.മധുസൂദനൻ, കെ.ഭാസി എന്നിവർ ചേര്‍ന്ന് 2,40,000 രൂപയും പലിശയും നല്‍കുവാന്‍ തൃശൂർ ഉപഭോക്തൃ കോടതി വിധിച്ചു. കൊടുങ്ങല്ലൂർ സൗത്തു് അരാക്കുളം സ്വദേശി നസീർ.സി.വി. ഫയൽ ചെയ്ത ഹർജിയിലാണ് ഉത്തരവ്. നസീർ 2,00,000 രൂപയാണ് പരാശക്തി ഫിനാൻസില്‍ നിക്ഷേപിച്ചത്. എന്നാൽ കാലാവധി കഴിഞ്ഞിട്ടും നിക്ഷേപ സംഖ്യ തിരികെ നൽകുവാന്‍ ഫിനാന്‍സ് ഉടമകള്‍ തയ്യാറായില്ല. ഇതിനെത്തുടർന്ന് തൃശൂർ ഉപഭോക്തൃ കോടതിയില്‍ ഹർജി ഫയൽ ചെയ്യുകയായിരുന്നു.
നിക്ഷേപ സംഖ്യ തിരികെ നൽകിയെന്നായിരുന്നു ഫിനാന്‍സ് ഉടമകളുടെ വാദം. എന്നാൽ ഈ വാദം സാധൂകരിക്കപ്പെടുകയുണ്ടായില്ല. കാലഹരണ ദോഷമെന്ന വാദവും കോടതി തള്ളി. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി നിക്ഷേപ സംഖ്യയായ 2,00,000 രൂപയും ആയതിന് 2013 ഡിസംബർ 19 മുതൽ 9 % പലിശയും നഷ്ടപരിഹാരമായി 30,000 രൂപയും ചിലവിലേക്ക് 10,000 രൂപയും നൽകുവാൻ വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി. ബെന്നി ഹാജരായി.






























