തിരുവനന്തപുരം: മത്സ്യമേഖലയിൽ സ്വകാര്യ കമ്പനിക്ക് അനുമതിനൽകിയെന്ന പ്രതിപക്ഷ ആരോപണത്തിൽ സർക്കാരിനെ വെട്ടിലാക്കിയത് ആഴക്കടൽ ട്രോളർ നിർമാണവും സ്വകാര്യ കമ്പനിക്കുള്ള ഭൂമികൈമാറ്റവും.
പ്രതിപക്ഷ നേതാവ് ആരോപണം ഉയർത്തുമ്പോൾ സംസ്ഥാനത്തിന്റെ മത്സ്യനയത്തിന് എതിരായ പദ്ധതിക്ക് അംഗീകാരം നൽകുകയും സ്ഥലം അനുവദിക്കുകയും ചെയ്തിരുന്നു. പ്രതിപക്ഷത്തെ തള്ളുമ്പോഴും ഇ.എം.സി.സി.യുമായി ഒപ്പിട്ട കരാറിനെ തള്ളിപ്പറയാൻ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ തയ്യാറാകുന്നതിന്റെ കാരണവും ഈ വീഴ്ചയാണ്. വ്യവസായസംരംഭകരെ ആകർഷിക്കാൻ കൊച്ചിയിൽ നടത്തിയ അസന്റ് 2020-യിലാണ് യു.എസ്. ആസ്ഥാനമായ ഇ.എം.സി.സി.യുടെ പദ്ധതിക്ക് സർക്കാർ അനുമതി നൽകിയത്. ഒരാഴ്ചയിലധികം ആഴക്കടലിൽ തങ്ങി മീൻപിടിക്കാൻ കഴിയുന്ന ചെറു കപ്പലുകൾ (ട്രോളറുകൾ) നിർമിക്കാനും പിടിക്കുന്ന മത്സ്യം സംസ്‌കരിച്ച് കയറ്റിയയക്കാനുമായിരുന്നു സ്വകാര്യ കമ്പനിയുടെ പദ്ധതി.
സംസ്ഥാന സർക്കാരിന്റെ മത്സ്യനയം പ്രകാരം ആഴക്കടൽ ട്രോളറുകൾ അനുവദനീയമല്ല. ഇത്തരമൊരു സാഹചര്യത്തിൽ ട്രോളറുകൾ നിർമിക്കാനുള്ള സംരംഭത്തിൽ കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ എങ്ങനെ പങ്കുചേർന്നുവെന്നതിൽ വ്യക്തതയില്ല. ട്രോളർ നിർമാണത്തിനുള്ള കരാർ മാത്രമാണ് ഏറ്റെടുത്തിട്ടുള്ളതെന്നാണ് കോർപ്പറേഷന്റെ വിശദീകരണം. ഇത് വെറുമൊരു നിർമാണക്കരാർ മാത്രമായി കണക്കാക്കാൻ കഴിയില്ല. ഭക്ഷ്യസംസ്‌കരണ യൂണിറ്റ് ഉൾപ്പെടെ ഒറ്റപ്പദ്ധതിയായിട്ടാണ് അസന്റിൽ ഇ.എം.സി.സി. രൂപരേഖ സമർപ്പിച്ച് അംഗീകാരം നേടിയത്. ട്രോളർ നിർമാണത്തിനൊപ്പം ഇ.എം.സി.സി. മുന്നോട്ടുവെച്ച മത്സ്യസംസ്‌കരണ യൂണിറ്റിന് കേരള സ്‌റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കെ.എസ്.ഐ.ഡി.സി.) നാലേക്കർ സ്ഥലം അനുവദിക്കുകയും ചെയ്തു.
കേരളത്തിൽ നിർമിച്ച ട്രോളറുകൾ മറ്റു സ്ഥലങ്ങളിലേക്ക് വിൽപ്പന നടത്തുക പ്രയോഗികമല്ല. വിദേശരാജ്യങ്ങളിൽ ഇതിനെക്കാൾ മികച്ച സാങ്കേതികവിദ്യയിൽ ട്രോളറുകൾ നിർമിക്കുന്നുണ്ട്. ഇവിടെ നിർമിക്കുന്ന ട്രോളറുകൾ ഉപയോഗിച്ച് കേരള തീരത്തുതന്നെ മത്സ്യബന്ധനം നടത്താനാണ് കമ്പനി പദ്ധതി സമർപ്പിച്ചത്. ഇതിന് അനുയോജ്യമായി മത്സ്യബന്ധന തുറമുഖങ്ങൾ വികസിപ്പിക്കാനും തീരുമാനിച്ചിരുന്നു. തങ്ങളുടെ കീഴിലുള്ള ഏഴു തുറമുഖങ്ങൾ സ്വകാര്യകമ്പനി ഏറ്റെടുക്കാനെത്തിയകാര്യം ഫിഷറീസ് വകുപ്പ് അറിഞ്ഞില്ലെന്നാണ് വാദം. പരമ്പരാഗത മേഖലയെ അപേക്ഷിച്ച് ട്രോളറുകളിൽ മത്സ്യത്തൊഴിലാളികൾക്ക് ജോലിസാധ്യത കുറവാണ്.