ന്യൂഡല്‍ഹി: തിഹാർ ജയിലിൽ പ്രതി മരിച്ച സംഭവത്തിൽ കൂടുതൽ നടപടി. ഒരു ഡെപ്യൂട്ടി സുപ്രണ്ടിനും രണ്ട് അസിസ്റ്റന്റ് സൂപ്രണ്ടുമാർക്കും ജയിൽ വാർഡനും സസ്പെൻഷൻ. ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ഗുണ്ടാ നേതാവായ അംഗിത് ഗുജ്ജറിനെ. തിഹാർ ജയിലിൽ വെച്ച് നാലംഗ സംഘം ഇയാളെ അടിച്ച് കൊല്ലുകയായിരുന്നു. ജയിൽ ഡെപ്യൂട്ടി സൂപ്രണ്ടിന്റെയും മറ്റും ഒത്താശയോടെയാണ് സഹതടവുകാർ അംഗിതിനെ കൊലപ്പെടുത്തിയതെന്നാണ് വിവരം.
നോയിഡയിലെ ബി.ജെ.പി നേതാവിനെ കൊലപ്പെടുത്തിയ കേസിൽ 2015 ലാണ് അംഗിതിനെ അറസ്റ്റ് ചെയ്തത്. എട്ട് കൊലക്കേസ് ഉൾപ്പെടെ 22 കേസുകളിൽ പ്രതിയാണ്. ജയിലുദ്യോഗസ്ഥർക്ക് പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് കൊലപ്പെടുത്തിയതെന്ന് അംഗിതിന്റെ പിതാവ് ആരോപിച്ചു.