ഡൽഹി : ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് തുടങ്ങി. രാവിലെ എട്ടു മണിയോടെ തുടങ്ങിയ പോളിംഗില്‍ 1.64 കോടി ആളുകളാണ് സമ്മതിദാനവകാശം രേഖപ്പെടുത്തുക. ആദ്യമണിക്കൂറുകളിൽ മന്ദഗതിയിലാണ് വോട്ടെടുപ്പ് . രാജ്യതലസ്ഥാനത്തു പത്തു ഡിഗ്രി സെൽഷ്യൽസിൽ താഴെയാണ് രാവിലെ താപനില രേഖപ്പെടുത്തിയിട്ടുള്ളത്. കനത്ത തണുപ്പാവാം ആദ്യമണിക്കൂറുകളിലെ ഈ പ്രതികരണത്തിന് കാരണമെന്നു കരുതുന്നു. ഉച്ചയോടെ സ്ഥിതി മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.
എഴുപതു മണ്ഡലങ്ങളിലായി അറുനൂറ്റി എഴുപത്തിരണ്ട് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത് . പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് . പ്രതിഷേധം ശക്തമായ ഷാഹീൻബാഗിലും ജാമിയയിലും അധികസുരക്ഷ ഏർപ്പെടുത്തി. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടി തുടർഭരണം ലക്ഷ്യമിട്ടാണ് ജനങ്ങളെ സമീപിച്ചിരിക്കുന്നത്. എന്നാൽ ശക്തമായ പ്രചാരണവുമായി ബിജെപിയും മത്സരരംഗത്തുണ്ട് . അധികാരം സ്വന്തമാക്കാമെന്ന പ്രതീക്ഷയില്ലെങ്കിലും കോൺഗ്രസ്സും സജീവമാണ്.
2015 ൽ ആകെയുള്ള എഴുപതിൽ അറുപത്തിയേഴ് സീറ്റുകളാണ് ആം ആദ്മി പാർട്ടി നേടിയിരുന്നത്. നിലവിലെ അഭിപ്രായസർവ്വേകളനുസരിച്ചു മികച്ച ഭൂരിപക്ഷത്തോടെ ആം ആദ്മി വീണ്ടും അധികാരം നിലനിർത്തുമെന്നാണ് റിപ്പോർട്ടുകൾ . ഈ മാസം പതിനൊന്നിനാണ് വോട്ടെണ്ണൽ .