ഡൽഹി: ഡൽഹി നിയമസഭാതെരഞ്ഞെടുപ്പിൽ 62.59 ശതമാനം പോളിങ് രേഖപ്പെടുത്തി . വോട്ടെടുപ്പു നടന്നു ഒരു ദിവസത്തിന് ശേഷം ഇന്ന് വൈകിട്ടാണ് ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ ഇലക്ഷൻ കമ്മീഷൻ ഇക്കാര്യം വ്യക്തമാക്കിയത്. 2015 ലെ തെരഞ്ഞെടുപ്പിനേക്കാളും അഞ്ചു ശതമാനം കുറവാണ് ഇത്തവണത്തെ കണക്കുകൾ . കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ചു രണ്ടു ശതമാനം കൂടുതലുമാണിത് .
തെരഞ്ഞെടുപ്പിന്റെ കണക്കുകൾ ഇലക്ഷൻ കമ്മീഷൻ പുറത്തുവിടാത്തത് ദുരൂഹമാണെന്ന ആം ആദ്മി പാർട്ടിയുടെ ആരോപണം കമ്മീഷൻ തള്ളിക്കളഞ്ഞു . ഇക്കാര്യത്തിൽ ഒരു ദുരൂഹതയുമില്ല. കൃത്യമായ കണക്കുകൾ പുറത്തുവിടുകയായിരുന്നു തങ്ങളുടെ ഉദ്ദേശ്യം . വിവരങ്ങൾ ലഭ്യമാകാനുള്ള കാലതാമസമാണ് ഫലം വൈകിച്ചത് എന്നും കമ്മീഷൻ വ്യക്തമാക്കി. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലല്ല , വ്യക്തമായ കണക്കുകളുടെ അടിസ്ഥാനത്തിലാണ് പോളിങ് കണക്കുകൾ പുറത്തു വിടുന്നത് , അതിനാലാണ് കാലതാമസമുണ്ടായതെന്നും ഡൽഹി ചീഫ് ഇലക്ടറൽ ഓഫീസർ രൺബീർ സിംഗ് പറഞ്ഞു. ലഭിച്ച വിവരങ്ങൾ സൂക്ഷ്മപരിശോധനക്കു വിധേയമാക്കേണ്ടതുമുണ്ടായിരുന്നു. വോട്ടെടുപ്പ് യന്ത്രങ്ങളിൽ കൃത്രിമത്വം നടന്നതായ ആം ആദ്മി എം പി സഞ്ജയ് സിംഗിന്റെ ആരോപണങ്ങൾ ഇലക്ഷന്‍ കമ്മീഷന്‍ തള്ളിക്കളഞ്ഞു. ബാബാത്പുരിൽ പോളിങ് ഉദ്യോഗസ്ഥനെ തെരഞ്ഞെടുപ്പിന് ശേഷം വോട്ടിംഗ് മെഷീനുമായി സംശയകരമായി കണ്ടുവെന്നായിരുന്നു സഞ്ജയ്‌സിംഗ് ആരോപിച്ചിരുന്നത് . എന്നാൽ ഉദ്യോഗസ്ഥൻ കയ്യിൽ സൂക്ഷിച്ചത് റിസേർവ് ഇ.വി.എം ആയിരുന്നുവെന്നും ഇക്കാര്യം എല്ലാവരെയും ബോധിപ്പിച്ചതാണെന്നും കമ്മീഷൻ പറഞ്ഞു. വോട്ടെടുപ്പ് നടന്നു ഒരു ദിവസത്തോളമായിട്ടും അന്തിമ കണക്കുകൾ പുറത്തുവിടാത്തതിനെ ആം ആദ്മി പാർട്ടി രൂക്ഷമായി വിമർശിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഞെട്ടിക്കുന്നതാണെന്നായിരുന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രതികരണം.