ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ കുറയുകയും പോസിറ്റിവിറ്റി നിരക്ക് താഴുകയും ചെയ്തതോടെ ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍. സംസ്ഥാനത്തെ ഇളവുകള്‍ സംബന്ധിച്ച് ഡല്‍ഹി ദുരന്തനിവാരണ വിഭാഗം പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. തിങ്കളാഴ്ച മുതല്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കും.
ജിം, യോഗ സെന്ററുകള്‍ തുടങ്ങിയവക്ക് 50 ശതമാനം ശേഷിയോടെ പ്രവര്‍ത്തിക്കാം. വിവാഹത്തില്‍ 50 പേരെ അതിഥികളായി പങ്കെടുപ്പിക്കാം. കൂടാതെ കല്യാണ മണ്ഡപം, ഹാളുകള്‍, ഹോട്ടലുകള്‍ എന്നിവയില്‍ വിവാഹം സംഘടിപ്പിക്കുകയും ചെയ്യാം. അതേസമയം വീട്ടിലോ, കോടതിയിലോ നടക്കുന്ന വിവാഹ ചടങ്ങുകളില്‍ 20 പേരെ മാത്രമേ പെങ്കടുക്കാന്‍ അനുവദിക്കൂ.
വിവാഹമണ്ഡപങ്ങള്‍, ഹാളുകള്‍, ഹോട്ടലുകള്‍, ജിം, യോഗ സെന്ററുകള്‍ എന്നിവിടങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉടമകള്‍ ഉറപ്പാക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. അതേസമയം മറ്റു നിയന്ത്രണങ്ങള്‍ ജൂലൈ അഞ്ചുവരെ തുടരും.
മറ്റ് ഇളവുകള്‍
ഉച്ച മുതല്‍ രാത്രി 10 വരെ 50 ശതമാനം ശേഷിയോടെ ബാറുകള്‍ പ്രവര്‍ത്തിക്കാം, രാവിലെ എട്ടുമുതല്‍ രാത്രി 10 വരെ 50 ശതമാനം ശേഷിയോടെ റസ്റ്ററന്റുകള്‍ അനുവദിക്കും, പൊതു പാര്‍ക്കുകള്‍, പൂന്തോട്ടങ്ങള്‍, ഗോള്‍ഫ് ക്ലബുകള്‍ തുടങ്ങിയവ തുറക്കുകയും ഔട്ട്ഡോര്‍ യോഗ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുകയും ചെയ്യും. മാര്‍ക്കറ്റുകള്‍, മാളുകള്‍, മാര്‍ക്കറ്റ് കോംപ്ലക്സുകള്‍, ഷോപ്പുകള്‍ തുടങ്ങിയവ രാവിലെ പത്തുമുതല്‍ രാത്രി എട്ടുവരെ പ്രവര്‍ത്തിക്കാം, മരണാനന്തര ചടങ്ങുകളിലും സംസ്കാരങ്ങളിലും 20 പേര്‍ക്ക് മാത്രം പങ്കെടുക്കാന്‍ അനുവാദം നല്‍കും. ആരാധനാലയങ്ങള്‍ തുറക്കാം, പക്ഷേ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. സര്‍ക്കാര്‍, സ്വകാര്യ ഓഫിസുകള്‍ 50 ശതമാനം ശേഷിയോടെ പ്രവര്‍ത്തിക്കാം. ഡല്‍ഹി മെട്രോയും പൊതുഗതാഗതവും ഇരിപ്പിടത്തിന്റെ 50 ശതമാനം ശേഷിയില്‍ ആളുകളെ അനുവദിച്ച് സര്‍വിസ് നടത്തും. നിന്ന് യാത്രചെയ്യാന്‍ അനുവദിക്കില്ല.