പത്തനംതിട്ട : ലോക്ക് ഡൗണിനിടെ ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക് എത്തിയ ആദ്യ ട്രെയിനില്‍ പത്തനംതിട്ട ജില്ലക്കാരായ 85 പേര്‍ എത്തി. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരം, എറണാകുളം സ്‌റ്റേഷനുകളില്‍ ഇറങ്ങിയവരാണിവര്‍.
തിരുവനന്തപുരം സെന്‍ട്രല്‍ റെയിവേ സ്റ്റേഷനില്‍ 30 പുരുഷന്‍മാരും 31 സ്ത്രീകളും നാലു കുട്ടികളും ഉള്‍പ്പടെ പത്തനംതിട്ട ജില്ലക്കാരായ 65 പേരാണ് എത്തിയത്. ഇവരില്‍ രോഗം ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ഒരാളെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരാളെ വര്‍ക്കലയിലെ കോവിഡ് കെയര്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തിലാക്കി. 40 പേരെ രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകളിലായി രാവിലെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയലെത്തിച്ച് വിവരങ്ങള്‍ ശേഖരിച്ചു. ഇവരില്‍ ഒരാളെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്നും സ്വന്തം നിലയില്‍ വീടുകളില്‍ പോകാന്‍ കഴിയാതിരുന്നവരെ റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ ആംബുലന്‍സുകളില്‍ വീടുകളില്‍ നിരീക്ഷണത്തിലാക്കി. മറ്റുള്ളവര്‍ തിരുവനന്തപുരത്ത് നിന്ന് സ്വന്തം വാഹനങ്ങളിലും മറ്റും നേരിട്ട് വീടുകളിലേക്ക് പോയി. 65 പേരില്‍ 62 പേരും വീടുകളില്‍ ക്വാറന്റൈനിലാണ്.
എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നും 12 സ്ത്രീകളും എട്ട് പുരുഷന്‍മാരെയും ഉള്‍പ്പടെ 20 പേരെയാണ് കെ.എസ്.ആര്‍.ടി.സി ബസില്‍ ഇന്ന് രാവിലെ പത്തനംതിട്ടയിലെത്തിച്ചത്. ഇവര്‍ 20 പേരും വീടുകളില്‍ ക്വാറന്റൈനിലാണ്. ലക്ഷദ്വീപില്‍ നിന്നും വ്യാഴാഴ്ച്ച മൂന്നു പേരാണ് ജില്ലയില്‍ എത്തിയത്. കലഞ്ഞൂര്‍, പ്രമാടം, ആറന്മുള സ്വദേശികളാണിവര്‍. കൊച്ചി തുറമുടത്തുനിന്നും കെ എസ് ആര്‍ ടി സി ബസില്‍ കായംകുളം ബസ് സ്റ്റാന്റില്‍ എത്തിച്ച ഇവരെ ആംബുലന്‍സില്‍ ജില്ലയിലെത്തിച്ചു. എല്ലാവരും വീടുകളില്‍ ക്വാറന്റൈനിലാണ്.