ന്യൂ ഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ മുസ്ലീം വിരുദ്ധ കലാപത്തിനിടെ ആക്രമണത്തിന് പ്രേരിപ്പിച്ചുവെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത പിഞ്ച്ര ടോഡ് അംഗവും ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാല വിദ്യാര്‍ത്ഥിനിയുമായ നതാഷ നര്‍വാളിനു ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചു. ജാഫറാബാദ് സിഎഎ വിരുദ്ധ പ്രതിഷേധക്കേസിലാണ് കര്‍ക്കാര്‍ഡൂമയിലെ വിചാരണ കോടതി നതാഷ നര്‍വാളിന് ജാമ്യം അനുവദിച്ചത്. അതേസമയം, യുഎപിഎ ചുമത്തപ്പെട്ട കേസ് നിലനില്‍ക്കുന്നതിനാല്‍ നര്‍വാളിനു ജയില്‍ മോചിതയാവാനാവില്ല. കുറ്റപത്രത്തിന്റെ പകര്‍പ്പ് സപ്തംബര്‍ 21 നകം നര്‍വാളിന് നല്‍കാനും ഡല്‍ഹി പോലിസിന്റെ പ്രത്യേക സെല്ലിന് കോടതി നിര്‍ദേശം നല്‍കി.
കലാപം ആളിക്കത്തിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച നതാഷ നര്‍വാളിനെതിരേ മൂന്ന് എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് നതാഷ തിഹാര്‍ ജയിലില്‍ കഴിയുകയാണ്. കഴിഞ്ഞ ദിവസം ഡല്‍ഹി പോലിസിലെ സ്‌പെഷ്യല്‍ സെല്‍ ഡല്‍ഹി കലാപം സംബന്ധിച്ച് നല്‍കിയ കുറ്റപത്രത്തില്‍ ഗുഢാലോചന നടത്തിയവരെന്ന് ആരോപിക്കുന്നവരുടെ കൂട്ടത്തിലും നതാഷയുടെ പേര് ഉള്‍പ്പെടുത്തിയിരുന്നു.