ന്യൂഡൽഹി : പാര്‍ലമെന്റ് സമുച്ചയത്തിന്റെ പ്രവേശന കവാടത്തിൽ സ്ഥാപിച്ചിട്ടുള്ള ‘ബൂം ബാരിയറി’ല്‍ അബദ്ധവശാൽ ഒരു കാര്‍ തട്ടിയതിനെ തുടര്‍ന്ന് ഗേറ്റ് വളഞ്ഞ് ജാഗ്രതയോടെ സുരക്ഷാ സേന. ഇന്ന് പുലർച്ചെയാണ് സംഭവം. പാർലമെന്റ് സമുച്ചയത്തിലെ ഗേറ്റ് നമ്പർ 1 ൽ സ്ഥാപിച്ചിരുന്ന ‘ബൂം ബാരിയറി’ലാണ് അബദ്ധത്തിൽ ബി.ജെ.പി എം.പി വിനോദ് കുമാർ സോങ്കറിന്റെ കാര്‍ തട്ടിയത്. കാർ ബാരിയറിൽ തട്ടിയതോടെ ഗേറ്റിലെ സ്പൈക്കുകൾ ഉയര്‍ന്നു. ഇതോടെ എം.പിയുടെ കാറിന് കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. സുരക്ഷാ സ്‌പൈക്കുകളില്‍ കയറിയ കാറിന്റെ ടയറുകൾ പിളര്‍ന്നു.
സുരക്ഷാ വീഴ്ചയായി കണക്കാക്കുന്ന ഈ സാഹചര്യത്തെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പ്രോട്ടോക്കോൾ അനുസരിച്ച് ആയുധങ്ങളുമായി ഗേറ്റ് വളഞ്ഞു. എന്നാൽ കാർ എം.പി വിനോദ് സോങ്കറിന്റേതാണെന്ന് അപ്പോഴേക്കും വ്യക്തമായിരുന്നു. അപകടത്തെ തുടര്‍ന്ന് പ്രവേശന കവാടത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ എം.പിയുടെ കാറിന് നേരെ തോക്ക് ചൂണ്ടി നിലയുറപ്പിച്ചിരിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഉത്തർപ്രദേശിലെ കൗഷമ്പിയിൽ നിന്നുള്ള ബി.ജെ.പി എം.പിയാണ് വിനോദ് കുമാർ സോങ്കർ. ബി.ജെ.പിയുടെ എസ്.സി മോർച്ചയുടെ ദേശീയ പ്രസിഡന്റും പാർലമെന്ററി എത്തിക്‌സ് സമിതിയുടെ ചെയർപേഴ്‌സണും കൂടിയാണ് അദ്ദേഹം.
ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. 2019 ഫെബ്രുവരിയിൽ മണിപ്പൂരിൽ നിന്നുള്ള കോൺഗ്രസ് ലോക്സഭാ എം.പിയുടെ കാർ സുരക്ഷാ ബാരിക്കേഡിൽ ഇടിച്ചതിനെത്തുടർന്ന് സമാനമായ സുരക്ഷാ ഭീതിയുണ്ടായിരുന്നു. സൻസാദ് ഭവനിലെ പ്രവേശന കവാടത്തിലെ ബാരിക്കേഡില്‍ വാഹനം ഇടിച്ചതിനെ തുടർന്ന് 2018 ഡിസംബറിൽ ഒരു സ്വകാര്യ ടാക്സി പാർലമെന്റിൽ സുരക്ഷാ ഭീഷണി ഉയർത്തിയിരുന്നു.