റാന്നി : ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിച്ച് സംസാരിക്കുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ സണ്ണി കപിക്കാടിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തിരുവാഭരണ പാത സംരക്ഷണ സമിതി പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. സംഘടനയുടെ ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് പരാതി സമർപ്പിച്ചത്. പരാതിയുടെ പകർപ്പ് റാന്നി ഡിവൈ.എസ്.പിക്കും കൈമാറി.“മാളികപ്പുറത്തമ്മയെ നേരിൽ കണ്ടാൽ അയ്യപ്പൻ ബലാത്സംഗ വീരനാകും” എന്ന തരത്തിൽ കോടിക്കണക്കിന് വരുന്ന അയ്യപ്പഭക്തരുടെ വിശ്വാസത്തെ അത്യധികം വ്രണപ്പെടുത്തുന്ന പ്രസ്താവനയാണ് സണ്ണി കപിക്കാട് നടത്തിയതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ഈ പ്രസ്താവന അടങ്ങിയ വീഡിയോ, ഓഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നത് സമൂഹത്തിൽ അസ്വസ്ഥതയും സംഘർഷ സാധ്യതയും സൃഷ്ടിക്കാൻ ഇടയാക്കുമെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന പ്രസ്തുത പ്രസ്താവനയുടെ യഥാർത്ഥ ഉറവിടം, അതിനുപിന്നിലെ ഉദ്ദേശ്യം, പ്രസിദ്ധീകരിച്ച അക്കൗണ്ടുകൾ എന്നിവ കേന്ദ്രീകരിച്ച് അടിയന്തിര അന്വേഷണം നടത്തണമെന്നും ഭാരതീയ ന്യായ സംഹിത, 2023-ലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും തിരുവാഭരണ പാത സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ഡിജിറ്റൽ തെളിവുകൾ സംരക്ഷിച്ച് സമഗ്രമായ അന്വേഷണം പൂർത്തിയാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.































