പത്തനംതിട്ട : ജില്ലയില്‍ ഇടവിട്ട് പെയ്യുന്ന വേനല്‍മഴ കൊതുക് പെരുകാനും ഡെങ്കിപ്പനി ഉണ്ടാകാനും സാധ്യതയുള്ളതിനാല്‍ നാളെ (ഞായര്‍) ഡ്രൈഡേ ആചരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
മഴവെള്ളം കെട്ടിനില്‍ക്കാത്ത വിധം വീടിന്റെ ടെറസ്, സണ്‍ഷെയ്ഡ് എന്നിവിടങ്ങളില്‍ നിന്ന് ചപ്പുചവറുകള്‍ നീക്കം ചെയ്യണം. മുറ്റത്തും പറമ്പിലും കിടക്കുന്ന പൊട്ടിയ പാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, മുട്ടത്തോട്, ചിരട്ട, തൊണ്ട്, വാഹന ടയറുകള്‍, പ്ലാസ്റ്റിക് കവറുകള്‍ മുതലായവ ശേഖരിച്ച് മഴവെള്ളം വീഴാത്ത സ്ഥലത്ത് സൂക്ഷിക്കുകയോ കത്തിച്ചുകളയുകയോ ചെയ്യുക. വീട്ടിനുള്ളില്‍ റഫ്രിജറേറ്ററിന് പിന്‍ഭാഗത്തായി വെള്ളം ശേഖരിക്കുന്ന ട്രേ, പൂച്ചെട്ടികള്‍ക്കിടയില്‍ വച്ചിരിക്കുന്ന പാത്രങ്ങള്‍ എന്നിവയില്‍ കെട്ടിനില്‍ക്കുന്ന വെള്ളം ഒഴുക്കികളഞ്ഞ് ഉള്‍വശം ഉരച്ച് കഴുകി വയ്ക്കണം. വെള്ളം ശേഖരിച്ച് സൂക്ഷിക്കുന്ന പാത്രങ്ങളുടെയും ടാങ്കുകളുടെയും ഉള്‍വശം നന്നായി ഉരച്ചുകഴുകി കൊതുകിന്റെ മുട്ടകള്‍ വശങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കുന്നില്ല എന്ന് ഉറപ്പാക്കണം. വെള്ളം ശേഖരിച്ച് സൂക്ഷിക്കുന്ന പാത്രങ്ങളില്‍ കൊതുക് കടന്ന് മുട്ടയിടാത്തവിധം അടച്ച് സൂക്ഷിക്കണം. അടപ്പില്ലാത്ത പാത്രങ്ങള്‍ തുണി ഉപയോഗിച്ച് മൂടിവയ്ക്കണം. മാലിന്യങ്ങള്‍ തരംതിരിച്ച് സംസ്‌കരിക്കണം. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ദ്രവീകരിക്കാത്ത മാലിന്യങ്ങള്‍ മഴവെള്ളം വീഴാത്തവിധം അടുക്കി വയ്ക്കണം. ദ്രവിക്കുന്ന മാലിന്യങ്ങള്‍ കംപോസ്റ്റായോ ബയോഗ്യാസ് പ്ലാന്റിലോ ഉപയോഗിക്കണം.
പനി ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയംചികിത്സയ്ക്ക് മുതിരാതെ ആരോഗ്യപ്രവര്‍ത്തകരെയോ ആരോഗ്യ കേന്ദ്രങ്ങളിലോ ഉടന്‍ വിവരം അറിയിച്ച് ചികിത്സ തേടണം.