കൊച്ചി : കേരളത്തിൽ പ്രഖ്യാപിച്ച പദ്ധതികളിൽനിന്ന് പിന്മാറുകയാണെന്ന കിറ്റെക്‌സ് ഉടമ സാബു ജേക്കബിന്റെ പ്രസ്താവനയ്ക്കു പിന്നാലെ പ്രശ്നത്തിൽ ഇടപെട്ട് വ്യവസായവകുപ്പ്. മന്ത്രി പി. രാജീവിന്റെ നിർദേശപ്രകാരം വ്യവസായവകുപ്പ് ഉദ്യോഗസ്ഥർ സാബു ജേക്കബുമായി കൂടിക്കാഴ്ച നടത്തി.
പ്രശ്നങ്ങൾ സംബന്ധിച്ച് സർക്കാരിന് റിപ്പോർട്ട് നൽകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. വ്യവസായവകുപ്പ് ജില്ലാ ജനറൽ മാനേജർ ബിജു പി. എബ്രഹാം, മാനേജർ എസ്. ഷീബ തുടങ്ങിയവരാണ് ചർച്ചയ്ക്കെത്തിയത്. തിങ്കളാഴ്ച കിറ്റെക്‌സ് വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടാവുമെന്നു പ്രതീക്ഷിക്കുന്നു. റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യണമെന്നാണ് സാബു ജേക്കബ് ഉന്നയിച്ചിട്ടുള്ളത്.
വിഷയത്തിൽ പോസിറ്റീവായ സമീപനമാണ് സർക്കാരിന്റേതെന്നും തീരുമാനം പിൻവലിച്ച് പദ്ധതിയിലേക്കു തിരികെവന്നാൽ സർക്കാർ പൂർണപിന്തുണ നൽകുമെന്നും മന്ത്രി രാജീവ് പറഞ്ഞു. അതിഗുരുതര സാഹചര്യത്തിൽ മാത്രമേ മിന്നൽ പരിശോധനകൾ നടത്താവൂ എന്ന് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
സാമൂഹിക മാധ്യമം വഴിയാണ് കിറ്റെക്‌സ് നിക്ഷേപ പദ്ധതിയിൽനിന്ന് പിന്മാറുന്നുവെന്ന വിഷയം ശ്രദ്ധയിൽപ്പെട്ടത്. അപ്പോൾത്തന്നെ കിറ്റെക്‌സ് മാനേജ്‌മെന്റുമായി ഫോണിൽ ബന്ധപ്പെട്ടു. വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരേണ്ടതായിരുന്നു. നാടിനാകെ നാണക്കേടുണ്ടാക്കുന്നതും ക്ഷീണമുണ്ടാക്കുന്നതുമായ സമീപനങ്ങൾ ഒഴിവാക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
വിഷയത്തിൽ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നടത്തിയ ആരോപണങ്ങൾ മന്ത്രി തള്ളി. കിറ്റെക്‌സിന് സുരേന്ദ്രന്റെ വക്കാലത്ത് ആവശ്യമില്ലെന്ന് രാജീവ് പറഞ്ഞു. ട്വന്റി 20-ക്കു സ്വാധീനമുള്ള മണ്ഡലത്തിൽ എൽ.ഡി.എഫ്. വിജയിക്കുകയാണുണ്ടായത്. അതിനാൽ വൈരാഗ്യം തോന്നേണ്ട സാഹചര്യമേയില്ലെന്ന് മന്ത്രി പറഞ്ഞു. ഇതിനിടെ കിറ്റെക്‌സിനെ ക്ഷണിച്ചുകൊണ്ട് തെലങ്കാന സർക്കാർ രംഗത്തുവന്നു. തെലങ്കാന വ്യവസായമന്ത്രി കെ.ടി. രാമറാവുവാണ് സന്ദേശം കൈമാറിയത്.