ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലെ കോവിഡ് വാര്‍ഡില്‍ ജോലി ചെയ്തിരുന്ന യുവ ഡോക്ടര്‍ ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ഖോഗക്പുര് സ്വദേശിയായ ഡോ. വിവേക് റായ് ആണ് മരിച്ചത്. മാനസിക സംഘര്‍ഷത്തെ തുടര്‍ന്നാണ് അദ്ദേഹം ജീവനൊടുക്കിയതെന്നാണ് സൂചന.
കഴിഞ്ഞ ഒരു മാസമായി അദ്ദേഹം കോവിഡ് വാര്‍ഡിലായിരുന്നു ജോലി ചെയ്തത്. പ്രതിദിനം കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന നിരവധി രോഗികളെ അദ്ദേഹം പരിചരിക്കുന്നുണ്ടായിരുന്നു. പ്രതിദിനം നിരവധിയാളുകള്‍ കോവിഡ് ബാധിച്ച് മരിക്കുന്നത് കണ്ട് അദ്ദേഹം കടുത്ത മാനസിക പ്രതിസന്ധിയിലായിരുന്നുവെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) മുന്‍ മേധാവി ഡോ.രവി വാങ്കേദ്കര്‍ ട്വീറ്റ് ചെയ്തു. നിരവധി കോവിഡ് രോഗികളുടെ ജീവന് രക്ഷിക്കുന്നതില്‍ ഡോക്ടര്‍ വിജയിച്ചിരുന്നുവെങ്കിലും പ്രതിദിനം മരണം കൂടുന്നതില്‍ അസ്വസ്ഥനായിരുന്നു അദ്ദേഹം.