റാന്നി: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ അസാധാരണമായ വെല്ലുവിളികളെയാണ് നേരിടുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. സി.പി.ഐ വടശേരിക്കര ലോക്കല്‍ സമ്മേളനത്തിന്‍റെ ഭാഗമായ പൊതുസമ്മേളനം പേഴുംപാറയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. തൊഴിലെടുക്കുന്നവരുടെ ജീവിതോപാധികൾ ഇല്ലാതാക്കുന്ന വിനാശകരമായ സാമ്പത്തിക നയങ്ങളാണ് മോഡി സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. കോർപറേറ്റുകളുടെ ലാഭം ഉയർന്നുകൊണ്ടിരിക്കുമ്പോൾ സാധാരണക്കാർ പണപ്പെരുപ്പം, തൊഴിൽ നഷ്ടം, ജീവിത നിലവാരത്തകർച്ച എന്നിവയോട് മല്ലിടുകയാണ്. ഒരുകാലത്ത് ഇന്ത്യയുടെ ശക്തിയായി കണക്കാക്കപ്പെട്ടിരുന്ന ജനസംഖ്യാപരമായ നേട്ടം, തൊഴിലില്ലായ്മ വർധിക്കുന്നതോടെ ഒരു ദുരന്തമായി മാറാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്.
ഭരണഘടന വിഭാവനം ചെയ്തിരിക്കുന്ന ഫെഡറൽ തത്വങ്ങളുടെ പേരിൽ യൂണിയൻ സർക്കാർ അധികാര കേന്ദ്രീകരണത്തിനുള്ള ശ്രമം ശക്തമാക്കിയതാണ് ഇന്ത്യ ഇപ്പോൾ നേരിടുന്ന വലിയ വെല്ലുവിളികളിലൊന്നെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്കല്‍ സെക്രട്ടറി ജോയി വള്ളിക്കാല അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ജോജോ കോവൂര്‍, മുന്‍ മണ്ഡലം സെക്രട്ടറിയും ജില്ലാ കൗണ്‍സിലംഗവുമായ ടി.ജെ ബാബുരാജ്, അസിസ്റ്റന്റ് സെക്രട്ടറി സന്തോഷ് കെ.ചാണ്ടി, ജില്ലാ കൗണ്‍സിലംഗം എം.വി പ്രസന്നകുമാര്‍, പി.സി സജി, ഷീജോ ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. വടശേരിക്കര ബൗണ്ടറിയില്‍ നിന്നുമാരംഭിച്ച പ്രകടനത്തിന് പി.ജെ ബാബു, ഷീബാ സജി, പങ്കജം,ടി.എന്‍ അജയദാസ്, ജോഷ്വാ ജോണ്‍, സജി കെ.ചാണ്ടി, പി.സി രാജു, വി.ജെ ദാനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.